തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. കൊല്ലം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.
Read Also: സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടർ മരിച്ച നിലയിൽ: മരിച്ചത് സന്തോഷ് ട്രോഫി ഫുട്ബോൾ മുൻ താരം
ഞായറാഴ്ച എട്ട് ജില്ലകളിലും തിങ്കളാഴ്ച ഒന്‍പത് ജില്ലകളിലും മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 51 മില്ലിമീറ്റര്‍ മുതല്‍ 75 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം മഴ കനക്കും. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കില്ല. എന്നാല്‍ കേരളത്തിലെ കടല്‍ത്തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ രണ്ട് ചക്രവാതച്ചുഴികളുടെയും സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
Post Your Comments