Latest NewsIndia

പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ മാറ്റുന്നത് കുട്ടികളിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ: എൻസിഇആർടി സമിതി അധ്യക്ഷൻ സി ഐ ഐസക്

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നത് കുട്ടികളിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണെന്ന് എൻസിഇആർടി സമിതി അധ്യക്ഷൻ സി ഐ ഐസക്. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകി. വിഷ്ണുപുരാണം മുതൽ ഭാരതം എന്നാണ് പറയുന്നതെന്നും ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയുമായി ഈ തീരുമാനത്തിന് ബന്ധമില്ലെന്നും സി ഐ ഐസക് പറഞ്ഞു.

മാർത്താണ്ഡവർമ്മയെ ചരിത്രപുസ്തകങ്ങൾ വിസ്മരിച്ചെന്നും മു​ഗൾ ചരിത്രത്തിലെ ചില വിശദാംശങ്ങൾ മാത്രമാണ് ഒഴിവാക്കിയതെന്നും സി ഐ ഐസക് വിശദീകരിച്ചു. ഈ വിഷയത്തിൽ ഒരു കോടതിയും ഇടപെടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താനുള്ള തയ്യാറെടുപ്പിലാണ് എൻ സി ഇ ആർ ടി. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിഇആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്.

സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം. ശുപാർശ ലഭിച്ചുവെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എൻസിഇആർടി അധികൃതർ പ്രതികരിച്ചു. ചരിത്ര പുസ്തകങ്ങളിൽ കൂടൂതൽ കാര്യങ്ങൾ ഉൾപ്പെടുത്താനാണ് മാറ്റമെന്ന് സമിതി അധ്യക്ഷൻ സിഐ ഐസക് പ്രതികരിച്ചു. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും.

അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്തും. മാർത്താണ്ഡ വർമ്മയുടെ ചരിത്രവും പുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും സമിതി ഏകകണ്ഠമായിട്ടാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തതെന്നും ഐസക് പറഞ്ഞു. രാഷ്ട്രീയ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button