കേരളം അതിന്റെ പ്രാദേശിക ഘടനയിൽ തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. കാർഷിക-ഗ്രാമീണ-വ്യവസായ മേഖലകളിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോടും സാമൂഹിക വികസനവും ഭൗതിക മേഖലകളുടെ വളർച്ചയും 1956 ലേതിൽ നിന്നും ഇന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പുരോഗപനപരമായ ഒരുപാട് മാറ്റങ്ങളാൽ ഉരുത്തിരിഞ്ഞിരിക്കുകയാണ് ഇന്നത്തെ കാർഷിക-ഗ്രാമീണ വ്യവസായ മേഖല.വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളത്തിന്റെ ശ്രദ്ധേയമായ പുരോഗതി എല്ലാവർക്കും അറിയാവുന്നതാണ്. അതിനു പിന്നിലെ പൊതുപ്രവർത്തനത്തെ തള്ളിക്കളയാനാകില്ല.
ഭൂപരിഷ്‌കരണമുൾപ്പെടെയുള്ള നിരവധി സമത്വ നടപടികൾ നടപ്പിലാക്കുന്നതിൽ കേരളം വിജയം കണ്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിജയത്തിന്റെ മാതൃകയായി സംസ്ഥാനത്തെ മാറ്റുന്നത് ഇതുപോലെയുള്ള നിരവധി പദ്ധതികളും നടപടികളുമാണ്. ദരിദ്രരെ സംരക്ഷിക്കുകയും അവർക്ക് അന്തസ്സോടെ സാമൂഹികവും രാഷ്ട്രീയവുമായ അവബോധം നൽകുകയും ചെയ്യുന്ന ഒരു ജനാധിപത്യ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളത്തിലെ മാറിമാറി വന്ന സർക്കാരുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
1970-കളുടെ തുടക്കത്തിൽ കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണെന്ന് കണ്ടെത്തിയിയിരുന്നു. കാലിയായ വയറുള്ള കുട്ടികൾ, മൂക്ക് ഒഴുകുന്നവർ, കഴുകാത്ത വ്രണങ്ങൾ, നഗരപ്രദേശങ്ങളിലെ പൊതു ഇടങ്ങളിൽ യാചകരുടെ കൂട്ടം അങ്ങനെ പലതും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത ദാരിദ്ര്യത്തിന്റെ തുറന്ന അടയാളങ്ങൾ ആയിരുന്നു. എന്നാൽ, അക്കാലത്തും കേരളത്തിലെ പട്ടണങ്ങളിൽ ഇവയെല്ലാം അത്രകണ്ട് ഉണ്ടായിരുന്നില്ല. ദാരിദ്ര്യം ഒരു പക്ഷേ ‘പച്ചപ്പിൽ’ മറഞ്ഞിരിക്കാം. മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും താമസിച്ചിരുന്ന തീരപ്രദേശങ്ങളിലെ പ്രത്യേക പോക്കറ്റുകളിൽ ദാരിദ്ര്യം ഒരു യാഥാർത്ഥ്യമായിരുന്നു എന്നത് ശരിയാണ്. കേരളത്തിൽ മരച്ചീനി, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുൾപ്പെടെ വീടുകളിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഉപഭോഗമാണ് അവരെ അതിദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയിരുന്നത്.
ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ എല്ലാകാലത്തെയും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ തന്നെയാണ്. കുട്ടികൾക്ക് സൗജന്യ സ്കൂൾ വിദ്യാഭ്യാസം, ഉച്ചഭക്ഷണം തുടങ്ങിയ വ്യവസ്ഥകളിലൂടെയുള്ള വിദ്യാഭ്യാസ വിപുലീകരണത്തിന് ദീർഘവും ദൃഢവുമായ ചരിത്രപരമായ വേരുകളുണ്ടെന്ന് പഠനം തെളിയിച്ചു. കേരളത്തിന്റെ അതുല്യമായ വികസന ചരിത്രത്തിന്റെ ഒരു ഉൽപ്പന്നമായിരുന്നു വൈദ്യസഹായം എന്ന് തന്നെ പറയേണ്ടി വരും. തിരുവിതാംകൂറും കൊച്ചിയും ഭരിച്ച രാജഭരണങ്ങൾക്ക് പുറമെ, ക്രിസ്ത്യൻ മിഷനുകൾ ഉൾപ്പെടെയുള്ള നിരവധി സാമൂഹിക, സാമുദായിക സംഘടനകൾ അടിസ്ഥാനപരമായ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഭൗതിക തലത്തിൽ, ഭൂപരിഷ്‌കരണവും ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി സമാഹരണവും ഗ്രാമീണ ദരിദ്രർക്ക് ഒരു പരിധിവരെ സുരക്ഷിതത്വം നൽകി.
Post Your Comments