തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും സംസ്ഥാനത്ത് പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മൂന്നാം ഘട്ടത്തിൽ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കും വാക്‌സിൻ നൽകി. അഞ്ച് വയസ് വരെയുളള 76,629 കുട്ടികൾക്കും 11,310 ഗർഭിണികൾക്കുമാണ് വാക്‌സിൻ നൽകിയത്. ഇതുകൂടാതെ ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്ത 1273 കൂട്ടികൾക്ക് കൂടി വാക്‌സിൻ നൽകാനായി. ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും രണ്ടാം ഘട്ടത്തിൽ 91 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കുമാണ് വാക്‌സിൻ നൽകിയത്. മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം വിജയമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.
Read Also: കേരളപ്പിറവി; കാർഷിക-ഗ്രാമീണ-വ്യവസായ മേഖലയിലെ നാഴികക്കല്ലുകൾ
തിരുവനന്തപുരം 8790, കൊല്ലം 2984, ആലപ്പുഴ 3435, പത്തനംതിട്ട 1627, കോട്ടയം 2844, ഇടുക്കി 1258, എറണാകുളം 4110, തൃശൂർ 4885, പാലക്കാട് 9835, മലപ്പുറം 17677, കോഴിക്കോട് 8569, വയനാട് 1603, കണ്ണൂർ 4887, കാസർഗോഡ് 4125 എന്നിങ്ങനെയാണ് മൂന്നാം ഘട്ടത്തിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ വാക്‌സിൻ സ്വീകരിച്ചത്. തിരുവനന്തപുരം 1731, കൊല്ലം 388, ആലപ്പുഴ 520, പത്തനംതിട്ട 228, കോട്ടയം 601, ഇടുക്കി 225, എറണാകുളം 758, തൃശൂർ 783, പാലക്കാട് 1509, മലപ്പുറം 1397, കോഴിക്കോട് 1597, വയനാട് 429, കണ്ണൂർ 534, കാസർഗോഡ് 610 എന്നിങ്ങനെയാണ് ഗർഭിണികൾ വാക്‌സിൻ സ്വീകരിച്ചതെന്ന് വീണാ ജോർജ് വിശദമാക്കി.
ഓഗസ്റ്റ് 7 മുതൽ 12 വരെ ഒന്നാംഘട്ടവും സെപ്റ്റംബർ 11 മുതൽ 16 വരെ രണ്ടാംഘട്ടവും ഒക്ടോബർ 9 മുതൽ 14 വരെ മൂന്നാം ഘട്ടവും സംഘടിപ്പിച്ചു. ഇതുകൂടാതെ അസൗകര്യമുള്ളവർക്കായി കൂടുതൽ ദിവസങ്ങളും നൽകിയിരുന്നു. സാധാരണ വാക്‌സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് വാക്‌സിനേഷൻ പരിപാടി സംഘടിപ്പിച്ചത്. ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള 2 മുതൽ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികൾക്കും ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കും വാക്‌സിൻ ഉറപ്പാക്കാനാണ് മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം സംഘടിപ്പിച്ചത്. ഇതിലൂടെ വാക്‌സിൻ വഴി പ്രതിരോധിക്കാവുന്ന മാരക രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: ആഗോള വെല്ലുവിളികൾ ഉയർന്നുതന്നെ! തുടർച്ചയായ ആറാം നാളിലും നഷ്ടത്തോടെ വ്യാപാരം
Post Your Comments