വൈവിധ്യങ്ങളായ ആഘോഷങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളം. കേരളത്തിൽ, പ്രത്യേകിച്ച് കൊച്ചി നഗരത്തിന്റെ ആഘോഷരാവാണ് കൊച്ചിൻ കാർണിവൽ. നാനാ വിധത്തിൽപ്പെട്ട ആളുകളും ആഘോഷത്തിൽ മതി മറന്ന് പുതുവർഷത്തെ വരവേൽക്കുന്നു.
എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ എല്ലാ വർഷവും ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കുന്ന ഈ പുതുവർഷ ആഘോഷം കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സന്ദർശകർ എത്താറുണ്ട്. അതുപോലെ തന്നെ, ആയിരക്കണക്കിന് വിദേശികളും. വളരെ കൌതുകകരമായ ഭീമൻ പാപ്പാഞ്ഞിയുടെ പ്രതീകാത്മക രൂപത്തിന് പൂതുവർഷപുലരിയോടെ തീക്കൊളുത്തുക എന്നതാണ് കാർണിവലിന്റെ പ്രധാന ചടങ്ങ്. രണ്ടുലക്ഷത്തോളം പേരാണ് റാലിയിൽ പങ്കെടുക്കുന്നത്. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ പോർച്ചുഗീസുകാർ ഇവിടെ നടത്തിയിരുന്ന പുതുവത്സരാഘോഷത്തിലാണ് ഇന്നത്തെ കാർണിവലിന്റെ തുടക്കം. 2012-13-ലെ കൊച്ചിൻ കാർണിവൽ ആ വർഷം ആരംഭിച്ച ബിനാലെയുമായി ഒരുമിച്ചു ചെർന്നാണ് ആസൂത്രണം ചെയ്തത്.
അലങ്കരിച്ച ആനയും ദക്ഷിണേന്ത്യയിൽ നിന്നുള്ള നൃത്തങ്ങളോടൊപ്പം ഉത്തരേന്ത്യയിൽ നിന്നുമുള്ള നൃത്തരൂപങ്ങളും റാലിയുടെ ഭാഗമാകാറുണ്ട്. ഡർട്ട് ബൈക്ക് റേസ്, ബീച്ച് വോളിബോൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കാറുണ്ട്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തുറമുഖത്തെ കപ്പലുകൾ ഹോൺ മുഴക്കുന്നതും ഈ ആഘോഷത്തിന്റെ ഭാഗമാണ്. ഫോർട്ട് കൊച്ചി മൈതാനത്തുനിന്നാരംഭിക്കുന്ന കാർണിവൽ റാലി ബീച്ചിനടുത്താണ് സമാപിക്കുക. ഫോർട്ട് കൊച്ചി ബീച്ചിനു സമീപമാണ് പപ്പാഞ്ഞിയുടെ പ്രതിമയ്ക്ക് തീകൊടുക്കുന്ന പരിപാടി നടക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇതോടെ അവസാനിക്കുന്നത്.
Post Your Comments