ചാറ്റുകൾ കൂടുതൽ എളുപ്പമാക്കാൻ വാട്സ്ആപ്പിൽ വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ ഉടൻ എത്തുന്നു. മാസങ്ങൾക്കു മുൻപ് തന്നെ ഈ ഫീച്ചറുമായി ബന്ധപ്പെട്ട ചുരുക്കം ചില സൂചനകൾ വാട്സ്ആപ്പ് പങ്കുവെച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണങ്ങളാണ് കമ്പനി നടത്തിയിരിക്കുന്നത്. വീഡിയോകൾക്കും ചിത്രങ്ങൾക്കും മാത്രമായി വ്യൂ വൺസ് ഫീച്ചർ നേരത്തെ തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇക്കുറി വോയിസ് മെസേജുകൾക്കും ഈ സൗകര്യം ലഭ്യമാക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം.
വാട്സ്ആപ്പിൽ അയക്കുന്ന മെസേജുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങൾക്കും വീഡിയോകൾക്കും വ്യൂ വൺസ് ഫീച്ചർ ഒരുക്കിയത്. ഇത്തരത്തിൽ അയക്കുന്ന ഫോട്ടോകളും വീഡിയോകളും സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാതിരിക്കാനുള്ള സജ്ജീകരണവും ഉണ്ട്. വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ച് അയക്കുന്ന വോയിസ് മെസേജുകൾ അത് സ്വീകരിക്കുന്ന വ്യക്തിക്ക് ഒരുതവണ മാത്രമേ കേൾക്കാൻ കഴിയുകയുള്ളൂ. ഇതിനുപുറമേ, ഈ മെസേജുകൾ മറ്റൊരു വ്യക്തിക്ക് ഫോർവേഡ് ചെയ്യാനും കഴിയുകയില്ല. വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ചില ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.
Post Your Comments