കട്ടപ്പന: വളർത്തുനായ വന്യജീവി ആക്രമണത്തിൽ ചത്തു. ഇടുക്കി വനമേഖലയോട് ചേർന്നു കിടക്കുന്ന വാഴവര കൗന്തി ചീമ്പാറയിൽ മണിയുടെ കൂട്ടിൽ കിടന്നിരുന്ന നായയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ രാത്രിയിൽ ആണ് സംഭവം. കൂട് മറിഞ്ഞുവീഴുന്ന ശബ്ദം കേട്ടെങ്കിലും വീട്ടുകാർ ഇറങ്ങി നോക്കിയിരുന്നില്ല. ഇന്നലെ രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് നായയുടെ പാതി ഭക്ഷിച്ച ജഡം കണ്ടത്.
വാർഡ് കൗൺസിലർ അറിയിച്ചതനുസരിച്ച് കട്ടപ്പന ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി. സന്തോഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നായയെ ആക്രമിച്ചത് പുലിയാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
അതേസമയം, തോട്ടംതൊഴിലാളിയായ സ്ത്രീകൾ ശനിയാഴ്ച പകൽ വന്യജീവിയെ നേരിൽ കണ്ടിരുന്നു. പുലിയോടു രൂപസാദൃശ്യമുള്ള ജീവിയെയാണ് കണ്ടതെന്നാണ് ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. വന്യജീവി സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
Post Your Comments