ചെന്നൈ: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച നടി ഗൗതമിക്കൊപ്പമാണ് തങ്ങളെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും പാർട്ടി യഥാർഥത്തിൽ അവരുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു. പാർട്ടിയിൽനിന്നു തനിക്ക് പിന്തുണയില്ലെന്നും തന്റെ പണം തട്ടിയെടുത്ത സി.അഴകപ്പനെ ചില ബിജെപി നേതാക്കൾ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗൗതമിയുടെ രാജി.
‘ഞാൻ ഗൗതമിയുമായി ഫോണിൽ സംസാരിച്ചു. വളരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ അവളെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ ചില ബിജെപി പ്രവർത്തകർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി അവർക്ക് തോന്നുന്നു. ആരും അവനെ (പ്രതിയെ) സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. ഞാൻ ഇന്നും ഗൗതമിയുമായി ചാറ്റ് ചെയ്തു. ഒരു തെറ്റിദ്ധാരണയുണ്ട്. പോലീസ് ഇത് പരിശോധിച്ച് നടപടിയെടുക്കണം. പ്രതിയെ സംരക്ഷിക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ല, അയാൾക്ക് ബിജെപിയുമായി ബന്ധമില്ല. പ്രതി 25 വർഷമായി ഗൗതമിക്കൊപ്പം സുഹൃത്തായി ഉണ്ടായിരുന്നു, അവൻ വഞ്ചിച്ചു. ഗൗതമിയും അവനും തമ്മിലുള്ള ഒരു കേസ് ആണിത്. ഞങ്ങൾ ഇവിടെ ഗൗതമിയുടെ പക്ഷത്താണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്. ‘വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചു’- രാജിക്കത്തിൽ ഗൗതമി ആരോപിച്ചു. ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്. 25 കോടി രൂപയുടെ സ്വത്ത് ഇയാൾ വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്നാണ് ചെന്നൈ പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
Post Your Comments