പൊള്ളലേറ്റാൽ എല്ലാവർക്കും പരിഭ്രമമാണ്. പൊള്ളലേറ്റയാൾക്ക് എങ്ങനെ പ്രാധമിക ശുശ്രൂഷ നൽകാം എന്നതിനെ കുറിച്ച് പലർക്കും അറിവുണ്ടാകില്ല. പൊള്ളലേറ്റയാൾക്ക് ആദ്യ ചികിത്സ നൽകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളും, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യ പരിപാലനമാണ് അവരുടെ ജീവൻ നിലനിർത്താൻ തന്നെ സഹായിക്കുക.
അദ്യം ചെയ്യേണ്ടത് തീ പിടിച്ച വസ്ത്രവുമായി ഓടാൻ അവരെ അനുവദിക്കരുത് എന്നാണ്. കാറ്റേറ്റ് തീ ആളി പടരാൻ ഇത് കാരണമാകും. തീ പിടിച്ച വസ്ത്രങ്ങൾ വേഗം അഴിച്ചു മാറ്റണം. അതിനുശേഷം പൊള്ളലേറ്റ ഭാഗത്ത് തണുത്തവെള്ളം ഒഴിക്കുകയോ തണുത്ത വെള്ളത്തിൽ മുക്കി വെക്കുകയൊ ചെയ്ത് ചൂട് അകറ്റണം. കൈകാലുകളിൽ പൊള്ളലേറ്റിട്ടുണ്ടെങ്കിൽ, വാച്ച്, മോതിരം, വളകൾ എന്നിവ ഉടനെ അഴിച്ചുമാറ്റണം. മാത്രമല്ല പൊള്ളലേറ്റ ആളുടെ മാനസ്സികനിലയിൽ തകർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ സ്നേഹവും പരിചരണവും നൽകേണ്ടത് രോഗിയുടെ മാനസിക ബലത്തിന് അത്യാവശ്യമാണ്.
പൊള്ളലേറ്റ ആളുകൾക്ക് വെള്ളം വളരെ കുറച്ചു വെള്ളമേ കുടിക്കാനായി നൽകാവൂ. പൊള്ളലേറ്റ ഭാഗത്തെ കുമിളകൾ ഒരിക്കലും പൊട്ടിക്കാൻ ശ്രമിക്കുകയോ ഈ ഭാഗങ്ങളിൽ പൗഡർ, നെയ്യ് തുടങ്ങിയവ പുരട്ടുകയോ ചെയ്യരുത്. അത് അണുബാധയുണ്ടാകാൻ കാരണമാക്കും. ഗൗരവമുള്ളതും ആഴമേറിയതും രോഗിയുടെ ജീവന് അപകടമുള്ളതുമായ തീപ്പൊള്ളലാണ് ഏറ്റിട്ടുള്ളതെങ്കിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം.
പൊള്ളലേറ്റ ആളെ കമ്പിളികൊണ്ട് മൂടുക. വസ്ത്രങ്ങള്‍ മെല്ലെ അഴിച്ചുമാറ്റുകയോ അഴിക്കാന്‍ വിഷമമാണെങ്കില്‍ മുറിച്ചുമാറ്റുകയോ ചെയ്യുക. തീപ്പൊള്ളലേറ്റ ചര്‍മത്തില്‍ വസ്ത്രം ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ പിടിച്ചുവലിക്കാതിരിക്കുക. രോഗിയെ സമാധാനിപ്പിച്ച ശേഷം നിലത്തു കിടത്തുക. കിടത്തുമ്പോള്‍ പൊള്ളിയഭാഗം നിലത്തുതട്ടാതെ നോക്കണം. പൊള്ളലേറ്റഭാഗത്ത് തണുത്തവെള്ളം ചുരുങ്ങിയത് 10 മിനിട്ട് ഒഴിക്കുക. വിദഗ്ദ്ധചികിത്സ ലഭിക്കുന്നതുവരെ പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട് മൂടിവയ്ക്കാം.
Post Your Comments