സാങ്കേതികവിദ്യകൾ അതിവേഗം വളർച്ച പ്രാപിച്ചതോടെ ഇന്ന് വിവിധ മേഖലകളിൽ റോബോട്ടിന്റെ സേവനം എത്തിയിട്ടുണ്ട്. മനുഷ്യന്റെ ജോലിഭാരം കുറയ്ക്കുന്നതിനാണ് പലയിടങ്ങളിലും റോബോട്ടിന്റെ സേവനം ഉപയോഗപ്പെടുന്നത്. ആഗോളതലത്തിൽ നിരവധി കമ്പനികൾ ഇതിനോടകം തന്നെ റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ യുഎസിലെ സംഭരണ ശാലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ആമസോൺ. ഡിജിറ്റ് എന്ന പേര് നൽകിയിരിക്കുന്ന റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പാക്കേജുകൾ, കണ്ടെയ്നറുകൾ, വസ്തുക്കൾ, ഓർഡറുകൾ എന്നിവ സ്വീകരിക്കുന്നതിനും, പ്രത്യേകമായി മാറ്റിവയ്ക്കുന്നതിനുള്ള കഴിവ് ഡിജിറ്റ് റോബോട്ടുകൾക്ക് ഉണ്ട്.
സംഭരണ ശാലയിലെ ജോലികൾക്കായി 7,50,000 റോബോട്ടുകളാണ് കമ്പനിയിൽ പ്രവർത്തിക്കുന്നത്. നിലവിൽ, ആവർത്തിച്ച് കൊണ്ടിരിക്കുന്ന ജോലികൾ ചെയ്യാനാണ് ഇത്തരം റോബോട്ടുകളെ ചുമതലപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ആമസോണിന്റെ പുതിയ നീക്കത്തിനെതിരെ ജീവനക്കാർ രീതിയിലുള്ള പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. കലാകാലങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ ഒരു റോബോട്ടിന് സമമായാണ് ആമസോൺ കാണുന്നതെന്നാണ് ട്രേഡ് യൂണിയനുകളുടെ ആരോപണം. റോബോട്ടുകളുടെ വരവോടുകൂടി തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്ക ജീവനക്കാർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം റോബോട്ടിക്ക് സംവിധാനങ്ങൾ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് ആമസോണിന്റെ വാദം.
Post Your Comments