എല്ലാവർക്കും അടുക്കള ജോലിക്കിടെ പൊള്ളലേല്‍ക്കുന്നത് സർവ്വസാധാരണമായ വിഷയമാണ്. ചായ പകര്‍ത്തുന്നിനിടെയോ അടുപ്പില്‍ നിന്നോ മറ്റോ തീ പൊള്ളലേല്ക്കുമ്പോള് അടുക്കളയില്‍ നിന്നുള്ള സാധനങ്ങള്‍ എടുത്ത് അതിന് പ്രതിവിധി കണ്ടെത്തുകയും ചെയ്യും. എന്നാല്‍ ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മറുപടി. പൊള്ളലേറ്റ ഭാഗത്ത് പേസ്റ്റ് തേക്കുന്നതും ഐസ് ക്യൂബ് വയ്ക്കുന്നതുമെല്ലാം പ്രശ്നം ഗുരുതരമാക്കും.
ചെറിയ പൊള്ളല്‍ അനുഭവപ്പെടുമ്പോള്‍, പൊള്ളലേറ്റ സ്ഥലത്ത് 20 മിനിറ്റ് നേരത്തേക്ക് തണുത്ത വെള്ളം ഒഴിക്കുന്നതായിരിക്കും ഏറ്റവും ഉത്തമമായ പരിഹാരം. പൊള്ളലേറ്റ ഭാഗത്ത് വെണ്ണ പുരട്ടുന്നത് നല്ലതല്ല. കാരണം വെണ്ണ ചൂട് നിലനിര്‍ത്തുന്നതിനാല്‍, ഈ വീട്ടുവൈദ്യം നിങ്ങളുടെ പൊള്ളലിനെ കൂടുതല്‍ വഷളാക്കിയേക്കാം. പൊള്ളലേറ്റ ചര്‍മ്മത്തെ ബാധിക്കുന്ന ദോഷകരമായ ബാക്ടീരിയകള്‍ വെണ്ണയില്‍ അടങ്ങിയിരിക്കാം. അതുകൊണ്ട് പൊള്ളലേറ്റാൽ ഒരിക്കലും വെണ്ണ ഉപയോഗിക്കാന്‍ പാടില്ല.
ഒലിവ് ഓയില്‍, പാചക എണ്ണകള്‍, എന്നിവയെല്ലാം അവസ്ഥയെ വഷളാക്കും. എണ്ണ ഉപയോഗിക്കുന്നത് മുറിവ് വര്‍ദ്ധിപ്പിക്കുകയും, അണുബാധയിലേക്ക് എത്തിക്കുകയും ചെയ്യും. ഫസ്റ്റ് ഡിഗ്രി പൊള്ളലേറ്റുള്ള പ്രഥമശുശ്രൂഷയായി പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിലെ ചേരുവകള്‍ പൊള്ളലിനെ പ്രകോപിപ്പിക്കുകയും കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നതാണ്.
Post Your Comments