Latest NewsKerala

ആലപ്പുഴയിലെ വീട്ടമ്മയുടെ കൊലപാതകം: ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

ആലപ്പുഴ : ആലപ്പുഴ തിരുവമ്പാടിയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. തിരുവമ്പാടി കല്ലുപുരയ്ക്കൽ പൊന്നപ്പൻ വർഗീസ് (73) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ ഭാര്യ ലിസിയെ (65) വീട്ടിലെ കിടപ്പുമുറിയിൽ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. ഏകമകനും ഭാര്യയും മൂന്നുമാസം പ്രായമായ കുഞ്ഞുമായി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു.പനി ബാധിച്ച് ചികിത്സയിലായിരുന്ന ലിസി ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. സംഭവസമയത്ത് പൊന്നപ്പനും ലിസിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മകൻ വിനയ് ഇരുവർക്കും ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ഓൺലൈൻ ആയി ഓർഡർ ചെയ്തിരുന്നു. ഡെലിവറി ബോയ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ അക്കാര്യം വിനയിനെ വിളിച്ചു പറഞ്ഞു. തുടർന്ന് വീടിനു അടുത്ത് താമസിക്കുന്ന ബന്ധുവായ ജോർജിനോട് ഒന്ന് പോയി നോക്കാൻ ആവശ്യപ്പെട്ടു.

അടുക്കളവാതിൽ തുറന്ന് അകത്തു കയറി നോക്കിയ ജോൺ കാണുന്നത് ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ്. മരിച്ചുകിടന്ന ലിസിയുടെ അരികിൽ രക്തം പുരണ്ട കമ്പി വടി ഉണ്ടായിരുന്നു. തുടർന്ന് ഇരുവരെയും പോലീസ് സഹായത്തോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് .സംഭവസ്ഥലത്തുവെച്ചു തന്നെ ലിസി മരിച്ചിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

shortlink

Post Your Comments


Back to top button