Latest NewsIndia

ഉദയ്‌പൂരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ ഭീകരൻ ഗൗസ് മുഹമ്മദ് ഗുരുതരാവസ്ഥയിൽ

ജയ്പൂർ: ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാന പ്രതിയായ ഗൗസ് മുഹമ്മദിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് പോലീസ് അറിയിച്ചു.

നിലവിൽ അജ്‌മേറിലെ അതീവ സുരക്ഷാ ജയിലിലാണ് ഗൗസ് മുഹമ്മദ് ഉള്ളത്. അടുത്തിടെ ഇയാൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് നിരവധി തവണയാണ് വൈദ്യസഹായം തേടിയിരുന്നത്. എന്നാൽ അസുഖം കുറഞ്ഞില്ല. ഇതിനിടെ രോഗം മൂർച്ഛിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഇതേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

2022ലാണ് ഗൗസ് മുഹമ്മദിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. കേസിലെ മറ്റൊരു പ്രതിയായ റിയാസ് അട്ടാരിയും ഇതേ ജയിലിൽ കഴിയുകയാണ്. പ്രവാചകനെക്കുറിച്ച് പരാമർശം നടത്തിയ നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ കനയ്യ ലാലിനെ കടയിൽ കയറി കഴുത്ത് അറുത്ത് ആയിരുന്നു പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയത്. ഇതിന് ശേഷം കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവുമായി ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയും പുറത്തുവിടുകയായിരുന്നു.

പ്രവാചകനെതിരെ സംസാരിക്കുന്നവരെ പാഠം പഠിപ്പിക്കാനാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതികൾ പറയുന്നത്. സംഭവത്തിൽ ഇവർക്കെതിരെ കൊലപാതകം, ഭീകരാക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തിരുന്നു. പ്രധാന പ്രതിയായ ഗൗസ് മുഹമ്മദിന് പാകിസ്ഥാൻ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button