ശബരിമല ദർശനത്തിന് തിരുപ്പതി ക്ഷേത്രത്തിന് സമാനമായ രീതിയിൽ ക്യൂ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപനാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ അറിയിച്ചത്. മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, 18 ക്യൂ കോംപ്ലക്സുകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. പതിനെട്ടാം പടിക്കു മുകളിൽ ഫോൾഡിംഗ് റൂഫും, ഭണ്ഡാരത്തിന്റെ തൊട്ടുമുന്നിലായി മെറ്റൽ ഡിടക്ടറും, വലിയ സ്ക്രീനും സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്.
ഭണ്ഡാരത്തിൽ നിന്ന് എമർജൻസി എക്സിറ്റും ഉണ്ടായിരിക്കുന്നതാണ്. ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്. അവശരായവരെ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കാൻ 10 പേർ വീതമുള്ള 3 ടീമുകളെ സന്നിധാനത്ത് വിന്യസിക്കും. നിലവിൽ, 168 മൂത്രപ്പുരകളുടെ നിർമ്മാണം ദ്രുതഗതിയിലാണ് പൂർത്തിയാക്കുന്നത്. ശബരിമലയിൽ 1,852 അഗ്നിശമന ഉദ്യോഗസ്ഥരെയും, പമ്പ സ്നാനഘട്ടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സ്ക്യൂബ ഡൈവേഴ്സിനെയും വിന്യസിക്കുന്നതാണ്.
Also Read: 20 ദിവസത്തിനിടെ ഒരു കുടുംബത്തിൽ 5 മരണം: എല്ലാവർക്കും ഒരേ ലക്ഷണങ്ങള്‍, സംഭവിച്ചത്…
Post Your Comments