പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയുടെ ആദ്യ ബന്ധത്തിലെ പ്രായപൂർത്തിയാകാത്ത മകളെ ഗ്രാഫിക്സ് ഡിസൈനറായ യുവാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് വർഷങ്ങളോളം. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ഇയാൾക്ക് 60 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 മുതൽ 2018 വരെ പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. പെൺകുട്ടിയുടെ പിതാവും അമ്മയും നേരത്തേ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. അതിന് ശേഷമാണ് യുവതി പ്രതിയെ വിവാഹം കഴിക്കുന്നത്.
വിദേശത്താണ് പെൺകുട്ടിയുടെ അമ്മക്ക് ജോലി. പെൺകുട്ടിയെ സംരക്ഷിക്കുന്നതിനായാണ് ഇവർ പത്തനംതിട്ടയിലെ പ്രമുഖ ഗ്രാഫിക്സ് ഡിസൈനറായ പ്രതിയെ വിവാഹം ചെയ്യുകയായിരുന്നു. രണ്ടാം വിവാഹത്തിൽ ഇവർക്ക് ഒരു കുഞ്ഞും ഉണ്ട്. പെൺകുട്ടി തുടർപഠനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ താമസിച്ചുവരവെ പഠന വൈകല്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ കൗൺസലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. വിവരം അറിഞ്ഞ മാതാവ് വിദേശത്തുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയിരുന്നു, തുടർന്ന് രണ്ടാച്ഛനെതിരെ പൊലീസിൽ മാതാവ് പരാതി നൽകുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായി. കേസിന്റെ വിചാരണ വേളയിൽ കൗൺസിലർ പ്രതിഭാഗത്തോടൊപ്പം ചേർന്നുവെങ്കിലും മറ്റുതെളിവുകൾ അനുകൂലമായി മാറുകയായിരുന്നു. കൊവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം വിവിധ ഘട്ടങ്ങളിൽ തടസ്സപ്പെട്ടിരുന്നു.
Post Your Comments