ഇസ്‍ലാമബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചത് മന്ത്രവാദം നടത്തിയിട്ടാണെന്ന വിചിത്ര വാദം ഉയർത്തിയ പാക്കിസ്ഥാനി മാധ്യമ പ്രവർത്തകയും ടിക്ടോക് താരവുമായ ഹരീം ഷായെ ട്രോളി സോഷ്യൽ മീഡിയ. പാകിസഥാൻ ക്രിക്കറ്റ് ടീമിനുമേൽ സ്വാധീനം ചെലുത്തുന്നതിന് ബിസിസിഐ ദുര്‍മന്ത്രവാദം നടത്തിയെന്നാണ് ഹ്രീം ഷാ ആരോപിച്ചത്. ഇവരുടെ കണ്ടെത്തൽ വൻ പരിഹാസങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്.
‘പാകിസ്ഥാൻ ടീമിനുമേൽ ദുർമന്ത്രവാദം നടത്താൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ മന്ത്രവാദിയെ നിയോഗിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കണം. അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണിത്. കാർത്തിക്ക് ചക്രവർത്തിയെന്നാണ് മന്ത്രവാദം നടത്തിയ ആളുടെ പേര്’, ഹരീം ഷാ എക്‌സിൽ കുറിച്ചു. ആയിരത്തിലേറെ പ്രതികരണങ്ങളാണ് ഹരീം ഷായുടെ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിനു ലഭിച്ചത്. ഇതൊക്കെ ചെറുത്, ഇനി ഒരെണ്ണം കൂടി വരാനുണ്ട് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ജയം. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യക്ക് എതിരെ അവസാനം കളിച്ച 7 മത്സരങ്ങളിലും തോറ്റ അപമാനം തീർക്കാൻ ഇറങ്ങിയ പാകിസ്താന് 7 വിക്കറ്റിന്റെ തോൽവിയാണ് നേരിടേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 192 ലക്ഷ്യം പിന്തുടർന്ന ഇന്ത്യ, രോഹിത് ശർമ്മയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർദ്ധ സെഞ്ച്വറി മികവിൽ ലക്ഷ്യം മറികടന്നു. മികച്ച ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താനും ഇന്ത്യക്ക് സാധിച്ചു.
Post Your Comments