നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന പലർക്കും താങ്ങാൻ കഴിയാതെ വരാറുണ്ട്. കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ, ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി കിഡ്നി സ്റ്റോണിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
വൃക്കയിൽ ഉണ്ടാവുന്ന വലിയ കല്ലുകൾ മൂത്രദ്വാരത്തിൽ കുടുങ്ങുകയും മൂത്രത്തിന്റെ ഒഴുക്ക് തടയുകയും ചെയ്യുന്നു. ഇതുമൂലം ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകേണ്ടതായി വരുന്നു. മൂത്രമൊഴിക്കാൻ തോന്നിയാൽ തന്നെ പലരും പിടിച്ച് നിർത്തുന്നതായി കണ്ട് വരുന്നു. ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. വൃക്കയിൽ കല്ലുണ്ടെങ്കിൽ മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിൽ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറം കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
മൂത്രമൊഴിക്കുമ്പോൾ എപ്പോഴും വേദനയോ പുകച്ചിലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ചിലപ്പോൾ വൃക്കയിൽ കല്ല് ഉള്ളതുകൊണ്ടാകാം. മൂത്രമൊഴിക്കുന്ന സമയത്ത് വേദന അനുഭവപ്പെടുന്നത് കല്ലുകൾ മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയിലുള്ള സ്ഥാനത്ത് എത്തുമ്പോഴാണ്. മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടാകുന്നവർ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
Post Your Comments