ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിൽ 500 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ പരസ്പരം പഴി ചാരി ഹമാസും ഇസ്രയേലും. ആക്രമണം നടത്തിയത് തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദ് ആണെന്നും, തെറ്റായി പതിച്ച മിസൈലാണ് ഇതെന്നും ഇസ്രയേലി സൈനിക വക്താവ് ജോനാഥൻ കോൺറിക്കസ് ആരോപിച്ചു.
‘ഞങ്ങൾ ഹമാസുമായി പോരാടുകയാണ്, അവർ തീവ്രവാദികളാണ്. അവർ സാധാരണ സൈനികരല്ല. പലപ്പോഴും മിസ് ഫയർ ചെയ്യുന്ന ആയുധങ്ങൾ ഹമാസിന്റെ പക്കലുണ്ട്. ഇന്നലെ വൈകിട്ട് 7 മണിയോടെ മറ്റൊരു ഭീകര സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് തെറ്റായി ആശുപത്രിക്ക് സമീപം പതിച്ചു. റഡാറിലൂടെയാണ് ഞങ്ങൾ ഈ നിഗമനത്തിലെത്തിയത്. ഫൂട്ടേജുകളും ഞങ്ങളുടെ സ്വന്തം സൈനിക പ്രവർത്തനങ്ങളും UAV ഫൂട്ടേജുകളും വിശകലനം ചെയ്തുകൊണ്ട് ഇത് ഇസ്രായേലി ആക്രമണമല്ലെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും’, കോൺറിക്കസ് പറഞ്ഞു.
ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു. സെൻട്രൽ ഗാസയിലെ അലി അറബ് ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അഞ്ഞൂറോളം പേർ സംഭവത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് ഹമാസ് നേതൃത്വം പുറത്തുവിട്ട റിപ്പോർട്ട്. ആക്രമണത്തിന് ശേഷം ജോർദ്ദാൻ, തുർക്കി, ഈജിപ്ത്, സൗദി തുടങ്ങിയ രാജ്യങ്ങൾ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ വിശദീകരണം.
ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രായേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.
Post Your Comments