സംസ്ഥാന സർക്കാരിന്റെ പൂജാ ബമ്പർ ലോട്ടറി ടിക്കറ്റിന് തമിഴ്നാട്ടിലും വൻ സ്വീകാര്യത. ആവശ്യക്കാർ വർദ്ധിച്ചതോടെ പൂജാ ബമ്പർ ടിക്കറ്റിന്റെ അനധികൃത ഓൺലൈൻ വിൽപ്പന തകൃതിയായാണ് നടക്കുന്നത്. മിക്ക തമിഴരുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും, യൂട്യൂബ് വ്ലോഗുകളിലും മറ്റും പൂജാ ബമ്പർ ടിക്കറ്റുകളെ കുറിച്ചുള്ള വിവരണങ്ങളാണ് കൂടുതലും. പല പോസ്റ്റുകൾക്കും താഴെ ടിക്കറ്റ് വാങ്ങാനുള്ള വാട്സ്ആപ്പ് നമ്പറും നൽകിയിട്ടുണ്ടാകും. ടിക്കറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം നമ്പർ മുഖാന്തരം ഓർഡർ നൽകാവുന്നതാണ്.
ആവശ്യക്കാർക്ക് സ്പീഡ് പോസ്റ്റ് മുഖാന്തരമാണ് ടിക്കറ്റുകൾ എത്തിക്കുക. സിംഗിളായും സെറ്റായും ടിക്കറ്റ് വാങ്ങാൻ കഴിയും. ടിക്കറ്റ് ലഭിക്കുന്നതിനായി ആകെ 350 രൂപയാണ് നൽകേണ്ടത്. ഉയർന്ന സമ്മാനത്തുക മിക്ക ആളുകളെയും ആകർഷിക്കുന്ന ഘടകമായതിനാൽ, തട്ടിപ്പുകളുടെ എണ്ണം പെരുകുകയാണ്. സെപ്റ്റംബർ 23 മുതലാണ് പൂജാ ബമ്പർ ടിക്കറ്റിന്റെ വിൽപ്പന ആരംഭിച്ചത്. 12 കോടി സമ്മാനത്തുകയുള്ള പൂജാ ബമ്പറിന്റെ നറുക്കെടുപ്പ് നവംബർ 22നാണ് നടക്കുക.
2011-ലെ കേരള ലോട്ടറി റെഗുലേഷൻ അമെൻഡ്മെന്റ് റൂൾ, കേന്ദ്ര പേപ്പർ ലോട്ടറി റെഗുലേഷൻ ആക്ട് എന്നിവ അനുസരിച്ച്, ഓൺലൈൻ മുഖാന്തരം ടിക്കറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാണ്. പണം നേരിട്ട് നൽകി പേപ്പർ ലോട്ടറി മാത്രമേ വാങ്ങാവൂ. തമിഴ്നാട്ടിലെ അനധികൃത ടിക്കറ്റ് വിൽപ്പനയിൽ കേരള ലോട്ടറി വകുപ്പിന് നടപടി സ്വീകരിക്കാൻ കഴിയില്ല. ഇത്തരം നിയമവിരുദ്ധമായ വിൽപ്പനകൾ തടയാൻ തമിഴ്നാട് സർക്കാരാണ് നടപടി എടുക്കേണ്ടതെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി.
Post Your Comments