രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 953.82 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. ഫെഡറൽ ബാങ്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന അറ്റാദായമാണിത്. മുൻ വർഷം സമാന കാലയളവിൽ 703.71 കോടി രൂപയുടെ അറ്റാദായമാണ് ഫെഡറൽ ബാങ്ക് കൈവരിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടപ്പാക്കിയ നൂതന ആശയങ്ങളുടെ ഫലമായാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പാദവാർഷിക അറ്റാദായത്തിലേക്ക് എത്തിയതെന്ന് ഫെഡറൽ ബാങ്ക് വ്യക്തമാക്കി.
നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ 854 കോടി രൂപയുടെ ലാഭമാണ് നേടിയത്. രണ്ടാം പാദത്തിൽ പ്രവർത്തന ലാഭത്തിലും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 9.26 ശതമാനം വർദ്ധനവോടെ പ്രവർത്തന ലാഭം 1,324.45 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 1,212.24 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം. ഇത്തവണ ബാങ്കിന്റെ മൊത്തം ബിസിനസ് 21.49 ശതമാനം വർദ്ധനവോടെ 4,25,685.12 കോടി രൂപയിൽ എത്തിയിട്ടുണ്ട്.
ഇത്തവണ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 4,436.05 കോടി രൂപയാണ്. മൊത്തം വായ്പകളുടെ ഏകദേശം 2.26 ശതമാനം വരുമിത്. അറ്റനിഷ്ക്രിയ ആസ്തി 1,229.81 കോടി രൂപയാണ്. രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതോടെ ഫെഡറൽ ബാങ്കിന്റെ അറ്റമൂല്യം 26,032 കോടി രൂപയായി ഉയർന്നിട്ടുണ്ട്. 15.50 ശതമാനമാണ് മൂലധന പര്യാപ്തത അനുപാതം. നിലവിൽ, ബാങ്കിന് 1,389 ശാഖകളും 1,935 എടിഎമ്മുകളുമാണ് ഉള്ളത്.
Post Your Comments