Latest NewsNewsInternational

‘ഗാസയിലെ സംഘർഷം തുടർന്നാൽ കൈയും കെട്ടി നോക്കി നില്‍ക്കില്ല’; ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഗാസയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്ന ഇസ്രായേലിനെതിരെ വിമർശനവുമായി ഇറാൻ. പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി. പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ യുദ്ധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. സയണിസ്റ്റ് സർക്കാർ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല, നാസികള്‍ ചെയ്തതാണ് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്. ഇസ്രയേലിനെതിരായ ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തില്‍ ടെഹ്റാന് പങ്കില്ലെന്ന് ഇറാന്റെ ഉന്നത അധികാരിയായ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു.

1,400-ലധികം ഇസ്രായേലികളെ കൊന്നൊടുക്കിയ വിനാശകരമായ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലിന് അചഞ്ചലമായ പിന്തുണ നൽകിയതിന് ഇറാനിയൻ വിദേശകാര്യ മന്ത്രി അമേരിക്കയെ പ്രത്യേകം എടുത്തുപറഞ്ഞു. ഗാസയിൽ തുടർച്ചയായി ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 700-ലധികം കുട്ടികൾ ഉൾപ്പെടെ 2,670-ലധികം പേർ കൊല്ലപ്പെട്ടു. ജനസാന്ദ്രതയേറിയ തീരദേശ മേഖലയിലേക്കുള്ള എല്ലാ വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇസ്രായേൽ വിച്ഛേദിച്ചെങ്കിലും തെക്കൻ മേഖലയിൽ ഇന്നലെ വെള്ളം പുനഃസ്ഥാപിച്ചു.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വാഷിംഗ്ടണിൽ ഇസ്രായേലിൽ യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചും ഇസ്രായേലിന്റെ ദീർഘകാല എതിരാളിയായ ഇറാൻ നേരിട്ട് ഇടപെടാനുള്ള സാധ്യതയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹമാസിന് ആയുധം നല്‍കിക്കൊണ്ട് ഇറാനിലെ പൗരോഹിത്യ ഭരണാധികാരികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിന് ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ മാത്രമാണ് നല്‍കുന്നത് എന്നാണ് ടെഹ്റാന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button