
ന്യൂഡൽഹി: ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി. അഭിഭാഷകനായ ആനന്ദ് ദെഹദ്രായ് ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. ബിജെപി എംപി നിഷികാന്ത് ദുബൈക്ക് വിവരങ്ങൾ കൈമാറിയത് ആനന്ദാണ്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ഹിരൺ അന്ദാനി ഗ്രൂപ്പ് രംഗത്തെത്തി. ദുബൈയുടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് ഹിരൺ അന്ദാനി ഗ്രൂപ്പ് പ്രതികരിച്ചു. ബിസിനസിലാണ് ശ്രദ്ധയെന്നും, രാഷ്ട്രീയ ബിസിനസിൽ താൽപര്യമില്ലെന്നും ഹിരൺ അന്ദാനി ഗ്രൂപ്പ് പറയുന്നു.
പാർലമെൻ്റിൽ നിരന്തരം ബിജെപിക്കെതിരെ വിമർശനമുന്നയിക്കുന്ന എംപിയാണ് ബംഗാളിൽ നിന്നുള്ള മഹുവ മൊയിത്ര. പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായിയിൽ നിന്നും കോഴവാങ്ങിയെന്നാണ് മഹുവ മൊയിത്ര എംപിക്കെതിരെയുള്ള പരാതി. മഹുവ മൊയ്‌ത്ര സമീപകാലത്ത് ചോദിച്ച 61 ചോദ്യങ്ങളിൽ 50 എണ്ണവും ദർശൻ ഹിരാനന്ദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനിയുടെയും ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് നിഷികാന്ത് ദുബൈ ആരോപിച്ചു.
പാർലമെന്റ് സമ്മേളനം ഉണ്ടാകുമ്പോഴെല്ലാം മൊഹുവ മൊയ്ത്രയുടെയും സൗഗത റോയിയുടെയും നേതൃത്വത്തില്‍ തൃണമൂൽ കോൺഗ്രസ് അംഗങ്ങള്‍ സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് പതിവാണ്. മറ്റു പാർലമെന്റംഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്തിനാണ് എന്ന് താൻ ഉൾപ്പടെയുളളവർ ആശയക്കുഴപ്പത്തിലായിട്ടുണ്ട്. ഒരു ബിസിനസുകാരനിൽ നിന്ന് പണം വാങ്ങി ചോദ്യങ്ങൾ ഉന്നയിക്കുന്ന മഹുവ മൊയ്ത്രയുടെ മുഖംമൂടി അഴിഞ്ഞുവീണതായി അദ്ദേഹം പറഞ്ഞു.
അവർ പറയുന്ന ധാർമ്മികത വ്യാജമാണെന്നും ഫയർബ്രാൻഡ് എംപി എന്ന് അഭിസംബോധന ചെയ്യുന്നത് അവർ ഏറെ ആസ്വദിക്കാറുണ്ടെന്നും കത്തിൽ പറയുന്നു. മഹുവ മൊയ്‌ത്രയുടെ ചോദ്യങ്ങൾ പലപ്പോഴും ഹിരാനന്ദാനി ബിസിനസ് എതിരാളികളായ അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചായിരുന്നു എന്നും കത്തിൽ പറയുന്നു. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ ബിജെപി നേതാവ് നിഷികാന്ത് ദുബെ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നൽകിയിരുന്നു.
പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മഹുവ മൊയിത്രയുടെ പ്രതികരണം. അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെയെന്നും മഹുവ മൊയിത്ര പറഞ്ഞു.
Post Your Comments