ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികളെ വിമർശിച്ച് ചൈന. സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ് ഇപ്പോൾ ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഗാസയിലെ ജനങ്ങൾക്കെതിരായ കൂട്ടായ ശിക്ഷ ഇസ്രായേൽ സർക്കാർ അവസാനിപ്പിക്കണമെന്നും ചൈനീസ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രായേൽ-ഹമാസ് സംഘർഷം വലിയൊരു യുദ്ധത്തിലേക്ക് വ്യാപിക്കുന്നത് തടയാൻ ബീജിംഗിന്റെ സഹകരണം ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വാങ് യിയുടെ പരാമർശം.
ശനിയാഴ്ച സൗദി അറേബ്യൻ വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാദ് രാജകുമാരനെ വിളിച്ചാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സ്ഥിതിഗതികൾ വഷളാക്കാൻ എല്ലാ കക്ഷികളും ഒരു നടപടിയും സ്വീകരിക്കരുത് എന്നും എത്രയും വേഗം കാര്യങ്ങൾ ചർച്ചാ മേശയിൽ എത്തിക്കണമെന്നും വാങ് യി സൗദി വിദേശകാര്യ മന്ത്രിയോട് പറഞ്ഞു. ഇസ്രായേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ വെടിനിർത്തലിനും സമാധാന ചർച്ചകൾക്കുമായി ചൈനീസ് പ്രതിനിധി ഷായ് ജുൻ അടുത്ത ആഴ്ച മിഡിൽ ഈസ്റ്റ് സന്ദർശിക്കും.
ഇസ്രായേൽ-പലസ്തീൻ സംഘർഷം പരിഹരിക്കാനുള്ള ശരിയായ മാർഗം ‘ദ്വിരാഷ്ട്ര പരിഹാരം’ മുന്നോട്ട് കൊണ്ടുപോകുകയും എത്രയും വേഗം സമാധാന ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്യുകയാണെന്ന് വെള്ളിയാഴ്ച വിദേശകാര്യ മന്ത്രി പറഞ്ഞു. പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിൽ ഐക്യരാഷ്ട്രസഭ തക്കതായ പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments