Latest NewsKeralaNews

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നിൽ പ്രതിപക്ഷമെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യം: വി ഡി സതീശൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നിൽ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പാർട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രി കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയൻ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തിൽ ആവർത്തിച്ച് പച്ചക്കള്ളം വിളിച്ചു പറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ അധഃപതിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അയോധ്യയില്‍ ബാബറി മസ്ജിദിന് പകരം നിര്‍മ്മിക്കുന്ന പള്ളി രാജ്യത്തെ ഏറ്റവും വലുത്, പള്ളിയുടെ പേര് മുഹമ്മദ് ബിന്‍ അബ്ദുള്ള

മാധ്യമങ്ങൾ ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളൽ എന്നതു തന്നെയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥ. മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ആരെയൊക്കെയാണ് നിങ്ങളുടെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് അറിയുമോ. അറസ്റ്റിലായ അഖിൽ സജീവും ബാസിതും നിങ്ങളുടെ പാളയത്തിൽ തന്നെയുള്ള ക്രിമിനലുകളല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

സിഐടിയു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്നില്ലേ അഖിൽ സജീവ്. സിഐടിയു ഓഫീസ് കേന്ദ്രീകരിച്ചും ഇയാൾ തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേ. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെ ഫണ്ട് തട്ടിയെടുത്തെന്ന് നിങ്ങളുടെ നേതാക്കൾ തന്നെ പരാതിപ്പെട്ടിട്ടില്ലേ. എന്നിട്ടും നിങ്ങളുടെ പോലീസ് എപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐടിയു നൽകിയ പരാതിയിൽ പോലും നടപടിയെടുക്കാതെ, പത്തനംതിട്ടയിൽ നിന്നും മുങ്ങി കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്രകാലവും തട്ടിപ്പ് നടത്താൻ അഖിൽ സജീവിന് അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പും പോലീസുമാണെന്നും അദ്ദേഹം വിമർശിച്ചു.

അഖിൽ സജീവിനൊപ്പമുള്ള മറ്റൊരു പ്രതി എഐഎസ്എഫിന്റെ മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയാണെന്നതും മുഖ്യമന്ത്രി മറന്നു പോയോ. മഞ്ചേരി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ച തലാപ്പിൽ സജീറിന്റെ വീട്ടിൽ വച്ചല്ലേ ബാസിതിനെ പോലീസ് ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് ചെയ്തതും. എന്നിട്ടും അങ്ങയുടെ മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയ പ്രതിക്ക് അഭയം നൽകിയ തലാപ്പിൽ സജീറിനെതിരെ പോലീസ് കേസെടുത്തോ. താൻ നിങ്ങളുടെ പിഎസിനെ കണ്ട് കാര്യങ്ങൾ സംസാരിക്കാൻ പോകുകയാണെന്ന സന്ദേശം ബാസിത് അയച്ചത് മന്ത്രിയുടെ പി എ അഖിൽ മാത്യുവിന്റെ മൊബൈൽ നമ്പറിലേക്കാണ്. അത് ബാസിത് പുറത്ത് വിട്ടിട്ടുമുണ്ട്. കൈക്കൂലി ആരോപണത്തിൽ നിരപരാധിയാണെങ്കിൽ അന്ന് തന്നെ മന്ത്രിയുടെ പി എ ഇതിനെതിരെ പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണ്. അതെല്ലാം മൂടി വച്ച് അന്വേഷണം വഴിതിരിച്ച് വിട്ടെന്നു വേണം കരുതാൻ. ഇപ്പോൾ അറസ്റ്റിലായ ബാസിത് ആണ് തട്ടിപ്പിന് പിന്നിലെങ്കിൽ അയാൾ തന്നെ പിഎയ്ക്ക് എതിരെ മന്ത്രി ഓഫീസിൽ പരാതി നൽകാൻ തയാറാകുമോയെന്ന സംശയം അരിയാഹാരം കഴിക്കുന്ന ആർക്കുമുണ്ടാകാമെന്ന് അദ്ദേഹം അറിയിച്ചു.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, നിങ്ങളുടെ പോലീസ് പുറത്തുവിട്ട വിവരങ്ങൾ ഇപ്പോഴും സംശയകരമാണ്. പല കണ്ണികളും തമ്മിൽ ചേരുന്നില്ല. ഒരു കള്ളം പറഞ്ഞാൽ അതിനെ മറയ്ക്കാൻ പല കള്ളങ്ങൾ വേണ്ടി വരുമെന്നാണല്ലോ. മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പേരിൽ നിങ്ങൾ അറസ്റ്റ് ചെയ്ത അഖിൽ സജീവും ബാസിതും നിങ്ങളുടെ കൂട്ടർ തന്നെയാണ്. നിങ്ങൾ ചെല്ലും ചെലവും നൽകി തട്ടിപ്പുകാരാക്കി വളർത്തിയെടുത്തവർ. കിഫ്ബിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ നിങ്ങളുടെ സഖാവിന്റെ ഒക്കച്ചങ്ങായിമാരായി യുവമോർച്ചാക്കാരുമുണ്ടല്ലോ. അതേക്കുറിച്ചും അങ്ങ് ഒന്നും പറഞ്ഞു കേട്ടില്ല. എന്നിട്ടും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിയ്ക്കുന്ന അങ്ങയുടെ തൊലിക്കട്ടിക്ക് മുന്നിൽ നല്ല നമസ്‌ക്കാരം. ഉള്ളത് പറയുമ്പോൾ മറ്റെയാൾക്കല്ല മുഖ്യമന്ത്രീ നിങ്ങൾക്ക് തന്നെയാണ് തുള്ളലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read Also: ഹമാസിന്റെ രഹസ്യ തുരങ്കങ്ങൾ: ആക്രമണ പദ്ധതിയിൽ ഇസ്രായേലിന്റെ ഏറ്റവും വലിയ വെല്ലുവിളി

shortlink

Related Articles

Post Your Comments

Related Articles


Back to top button