Latest NewsKeralaNews

മണല്‍ മാഫിയയില്‍ നിന്ന് 9,000 രൂപ കൈക്കൂലി: കളക്ടറേറ്റ് ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും 

ഇടുക്കി: കൈക്കൂലി കേസില്‍ ഇടുക്കി കളക്ടറേറ്റിലെ ക്ലാര്‍ക്കിന് രണ്ടു തടവുശിക്ഷയും 10,000 രൂപ പിഴയും വിധിച്ച് കോടതി. ക്ലാര്‍ക്കായിരുന്ന എസ് സോവിരാജിനെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. മണല്‍ മാഫിയയില്‍ നിന്ന് 9,000 രൂപ കൈക്കൂലിയായി വാങ്ങിയ കേസിലാണ് സോവിരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2007 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മണല്‍ കടത്ത് പിടികൂടുന്നതിന് കളക്ടറേറ്റിലെ പ്രത്യേക സ്‌ക്വാഡിലെ അംഗമായിരുന്ന സോവിരാജ്, പാസുള്ള മണലുമായെത്തിയ ലോറി തടഞ്ഞു നിര്‍ത്തി പാസ് പരിശോധിക്കുകയും തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് വാങ്ങി പോവുകയും ചെയ്തു. ഡ്രൈവര്‍ ലൈസന്‍സ് തിരികെ ചോദിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ എഴുതി നല്‍കിയശേഷം അന്നേദിവസം വൈകിട്ട് പൈനാവിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്നു കാണാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ഡ്രൈവറോട് പാസില്ലാതെ തുടര്‍ന്നും കൂടുതല്‍ മണല്‍ കടത്താന്‍ സഹായിക്കാമെന്നും ലൈസന്‍സ് വിട്ടു നല്‍കുന്നതിനായി 20,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ 9,000 രൂപയായി കുറച്ചു നല്‍കി.

ആദ്യ ഗഡുവായി 4,000 രൂപ കൈപ്പറ്റുകയും ചെയ്തു. അവശേഷിക്കുന്ന 5,000 രൂപയുമായി വരുന്ന സമയത്ത് ലൈസന്‍സ് വിട്ടു നല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ, പരാതിക്കാരന്‍ അന്നത്തെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി അലക്‌സ് എം വര്‍ക്കിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഗഡുവായ 5,000 രൂപ പൈനാവില്‍ വച്ച് വാങ്ങവെ സോവിരാജിനെ വിജിലന്‍സ് സംഘം പിടികൂടുകയുമായിരുന്നു. ഇടുക്കി വിജിലന്‍സ് യൂണിറ്റ് മുന്‍ ഡിവൈഎസ്പി പിടി കൃഷ്ണന്‍കുട്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിഎ സരിത ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button