ന്യൂയോർക്ക്: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വെറ്റ് ഹൗസിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായും, നിരവധി പേരെ ഭീകരർ ബന്ദികളാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ നൂതന യുദ്ധോപകരണങ്ങളുമായി യുഎസിന്റെ ആദ്യ വിമാനം ഇസ്രയേലിലെത്തി. തെക്കന്‍ ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തില്‍ അമേരിക്കന്‍ വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ‘സുപ്രധാന ആക്രമണങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങള്‍ നേരിടുന്നതിന് സേനയെ പര്യാപ്തമാക്കുന്നതിനുമാണ് ഈ ആയുധങ്ങള്‍’ ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.
വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ ഇസ്രയേലിനും സൈന്യത്തിനും അമേരിക്ക നല്‍കുന്ന പിന്തുണയ്ക്ക് തങ്ങള്‍ ഏറെ കടപ്പെട്ടവരാണ്. ഇരു സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണം എന്നത്തേക്കാളും ശക്തമാണ്. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ പ്രധാന ഭാഗമാണിതെന്നും അത് തങ്ങളുടെ പൊതു ശത്രുക്കള്‍ക്ക് അറിയാമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ വ്യാഴാഴ്ച ഇസ്രയേലിലേത്തും. ഹമാസ്- ഇസ്രയേല്‍ യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് ഒരു വിദേശരാജ്യ പ്രതിനിധി ഇവിടേക്കെത്തുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും നയതന്ത്ര, സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനാണ് അമേരിക്കയുടെ തീരുമാനം. ഇന്നലെ ഇസ്രായേലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അമേരിക്കയും പിന്തുണച്ച് രംഗത്ത് എത്തിയത്.
Post Your Comments