Latest NewsNewsLife Style

മധുരവും ഉപ്പും അമിതമാകുന്നത് ഒരുപോലെ അപകടം: ഈ രോഗങ്ങള്‍ക്ക് സാധ്യത 

നമ്മുടെ ഭക്ഷണരീതി എത്തരത്തിലുള്ളതാണോ അത് നമ്മുടെ ആരോഗ്യത്തെയും വലിയ രീതിയില്‍ സ്വാധീനിക്കുന്നു. ആരോഗ്യകരമായ ഡയറ്റ് മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ പല അസുഖങ്ങളും പ്രശ്നങ്ങളും നമുക്ക് പ്രതിരോധിക്കാൻ സാധിക്കും.

ഇത്തരത്തില്‍ ഡയറ്റില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു സംഗതിയാണ് മധുരവും ഉപ്പും അമിതമായി കഴിക്കുന്നത്. ഇത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. ബിപി (രക്തസമ്മര്‍ദ്ദം), ഷുഗര്‍ (പ്രമേഹം) അടക്കം പല പ്രയാസങ്ങളും ഇവ കൊണ്ടുണ്ടാകാം.

മാത്രമല്ല ഹൃദയത്തിന് വരെ ഉപ്പും മധുരവും അമിതമാകുന്നത് ദോഷമാണെന്നതാണ് ശ്രദ്ധിക്കേണ്ട സംഗതി. ഹൃദയാഘാതത്തിനുള്ള സാധ്യത വരെ ഈ ശീലം കൂട്ടുന്നു.

നമുക്കറിയാം, മധുരം അമിതമായി അകത്തുചെല്ലുന്നത് ക്രമേണ പ്രമേഹത്തിലേക്കാണ് നയിക്കുക. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയോ ഉള്ള ഇൻസുലിൻ ഹോര്‍മോണ്‍ വേണ്ടത്ര ഉപയോഗപ്പെടുത്തുകയോ സാധിക്കാതെ വരുന്നതോടെ ഭക്ഷണത്തിലൂടെ അകത്തെത്തുന്ന ഗ്ലൂക്കോസ് (മധുരം) ഊര്‍ജ്ജമാക്കി മാറ്റാൻ കഴിയാതെ രക്തത്തില്‍ തന്നെ അടിയുന്നു. ഇതാണ് പ്രമേഹമെന്ന അവസ്ഥ.

പ്രമേഹമുള്ളവരില്‍ ഇതിന്‍റെ ഭാഗമായി വയറ്റില്‍ കൊഴുപ്പടിയുന്ന അവസ്ഥയുമുണ്ടാകുന്നു. ഇതാണ് ഹൃദയത്തിന് പിന്നീട് ദോഷകരമായി വരുന്നത്. ബിപി, കൊളസ്ട്രോള്‍, രക്തം കട്ട പിടിക്കുന്ന  അവസ്ഥ എന്നിങ്ങനെ പല പ്രശ്നങ്ങള്‍ക്കുമുള്ള സാധ്യതേയറുന്നു. എല്ലാം ഹൃദയത്തിന് ഭീഷണി തന്നെ.

ഇവയ്ക്ക് പുറമെ മധുരം അമിതമായി അകത്തെത്തുന്നത് ഫാറ്റി ലിവറിലേക്കും നയിക്കാം. ഫാറ്റി ലിവറും ഹൃദയത്തിന് ഭീഷണി ഉയര്‍ത്തുന്ന അവസ്ഥയാണ്.

മധുരം പോലെ തന്നെ ഉപ്പും ഹൃദയാരോഗ്യത്തിന് ദോഷകരമായി വരുന്നൊരു ഘടകമാണ്. അമിതമായി ശരീരത്തില്‍ ഉപ്പ് (സോഡിയം) എത്തുമ്പോള്‍ അത്, ബിപി (രക്തസമ്മര്‍ദ്ദം) ഉയരുന്നതിലേക്കാണ് നയിക്കുന്നത്. ബിപി ഉയരുന്നത് നമുക്കറിയാം, ഹൃദയാരോഗ്യത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഹൃദയാഘാതത്തിന്‍റെ കേസുകളെടുത്താല്‍ തന്നെ ധാരാളം കേസുകളില്‍ ബിപി കാരണമായി വരുന്നതായി കാണാം.

ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ പല രീതിയിലും വരാം. ഇതില്‍ സ്വാധീനം ചെലുത്തുന്ന രണ്ട് ഘടകങ്ങള്‍ ആണ് അമിതമായ ഉപ്പും മധുരവും എന്ന് മാത്രം. എന്തായാലും ഡയറ്റില്‍ കൃത്യമായ നിയന്ത്രണമില്ലെങ്കില്‍ ഇവ ഭീഷണി തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button