കരുനാഗപ്പള്ളി: രണ്ട് കേസുകളിലായി മയക്കുമരുന്നുകളുമായി ഏഴുപേർ പൊലീസ് പിടിയിൽ. 7.47 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തു.
‘നോട്ട് ടു ഡ്രഗ്സ്’ കാമ്പയിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.മരുതൂർകുളങ്ങര 27-ാം വാർഡിൽ അജിത് ഭവനത്തിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ നിന്ന് 3.26 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മരുതൂർകുളങ്ങര തെക്ക് അഭിജിത് ഭവനത്തിൽ അഭിജിത്ത് (26), ഇയാളുടെ സഹോദരൻ അഭിരാജ് (23), മരതൂർകുളങ്ങര തെക്ക് കൊച്ചാണ്ടിശ്ശേരി വടക്കതിൽ പ്രണവ് (19) എന്നിവരെ അറസ്റ്റ് ചെയ്തു.
Read Also : റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങി: പ്രതി അറസ്റ്റിൽ
ഇവിടെ പരിശോധന നടത്തുമ്പോഴാണ് തഴവയിൽ കാറിൽ എം.ഡി.എം.എ കടത്തിക്കൊണ്ടു വരുന്നതായി വിവരം ലഭിച്ചത്. തുടർന്ന്, കടത്തൂർ തട്ടുപുരയ്ക്കൽ ജങ്ഷനിൽ വെച്ച് കാറും കാറിലുണ്ടായിരുന്നവരെയും പിടികൂടി. 4.21 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തഴവ കടത്തൂർ കണ്ടത്തിൽ തറയിൽ തെക്കതിൽ നവാസ് (29), കടത്തൂർ കണ്ണമ്പള്ളി വീട്ടിൽ ജിതിൻ (35), തൊടിയൂർ, പുലിയൂർ വഞ്ചി തെക്കുംമുറിയിൽ കാക്കോന്റയ്യത്ത് വീട്ടിൽ ബിൻ താലിഫ് (25), പുലിയൂർ വഞ്ചി വടക്കുമുറിയിൽ കാട്ടയ്യത്ത് കിഴക്കതിൽ ഫൈസൽ(21) എന്നിവരെ കസ്റ്റഡിയിലെടുത്തു.
റേഞ്ച് ഇൻസ്പെക്ടർ ആർ. പ്രശാന്തിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.എൽ. വിജിലാൽ, ഐ.ബി പ്രിവന്റിവ് ഓഫീസർ ആർ. മനു, റേഞ്ച് പ്രിവന്റിവ് ഓഫീസർ എസ്. അനിൽകുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, അൻസാർ, രജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments