വൈക്കം: വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട പത്താഴപ്പടി ഇരപ്പാംകുഴിയിൽ മുഹമ്മദ് മുനീർ (25), ഈരാറ്റുപേട്ട തലനാട് നെല്ലവേലിൽ അക്ഷയ് സോണി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് ആണ് പിടികൂടിയത്.
Read Also : പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നു: ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെയാണെന്ന് ഷിയാസ് കരീം
ഇന്നലെ ഉച്ചയോടെയാണ് സംഭവം. വൈക്കം തോട്ടുവക്കം ഭാഗത്ത് എംഡിഎംഎയുമായി യുവാക്കൾ എത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈക്കം പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ് മുഖ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ജോൺ, വൈക്കം സ്റ്റേഷൻ എസ്എച്ച്ഒ രാജേന്ദ്രൻ നായർ, എസ്ഐ സുരേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അക്ഷയ് സോണി എറണാകുളം കച്ചേരിപ്പടി സ്റ്റേഷനിൽ കഞ്ചാവ് കേസിലും കുമരകം സ്റ്റേഷനിൽ മുക്കുപണ്ട കേസിലും പ്രതിയാണ്. മുനീര്‍ ഈരാറ്റുപേട്ട എക്സൈസിലും ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലും കഞ്ചാവ് കേസിൽ പ്രതിയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments