KeralaLatest NewsNews

കരുവന്നൂർ: സി.പി.എമ്മിനെ വെട്ടിലാക്കി ജി. സുധാകരൻ

ആലപ്പുഴ: കരുവന്നൂർ കേസിൽ സി.പി.എമ്മിനെ വെട്ടിലാക്കി മുതിർന്ന നേതാവ് ജി സുധാകരന്റെ പരാമർശം. പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്ന് സമ്മതിക്കുകയാണ് അദ്ദേഹം. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാൻ പാർട്ടി തയ്യാറാകണം. കരുവന്നൂർ കേസിൽ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇ.ഡിയെ തടയാനാകില്ല. പിഴവുണ്ടെങ്കിൽ പരിശോധിക്കുന്നതിൽ തടസ്സമില്ല. എം.കെ കണ്ണൻ കാര്യങ്ങൾ ഇ.ഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടത്. നിയമസഭാ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ താൻ പ്രവർത്തിച്ചിട്ടില്ല’, സുധാകരൻ പറഞ്ഞു.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് എസ്ടി ജ്വല്ലറി ഉടമ സുനിൽ കുമാർ ഇന്നലെ ഇ.ഡിക്ക് മുന്നില്‍ വെളിപ്പെടുത്തൽ നടത്തിയിരുന്നു. പണം നൽകിയത് മകളുടെ വിവാഹത്തിന് വേണ്ടിയാണെന്നും സുനിൽ കുമാർ ഇഡിക്ക് മൊഴി നല്‍കി. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും സുനില്‍ കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മൂന്നാമത്തെ നോട്ടീസിലാണ് ഇയാള്‍ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button