കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മൂന്നു സംഭവങ്ങളിലായി അഞ്ച് യാത്രക്കാരെയും സ്വർണ്ണം വാങ്ങാനെത്തിയ രണ്ട് പേരെയും അറസ്റ്റുചെയ്തു.
ദോഹയിൽ നിന്നു കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണ്ണവും ജിദ്ദയിൽനിന്നു കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണ്ണവുമാണ് ആദ്യം പിടിച്ചെടുത്തത്. ദോഹയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ചെമ്മാട് സ്വദേശി സതീഷ് (44) ആണ് 33 ലക്ഷം രൂപ വിലവരുന്ന 577.5 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിനുപുറത്ത് ആദ്യം പോലീസിന്റെ പിടിയിലായത്. സ്വർണ്ണം രണ്ട് കാപ്സ്യൂളുകളുടെ രൂപത്തിൽ പായ്ക്കുചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്.
ജിദ്ദയിൽ നിന്നെത്തിയ വയനാട് സ്വദേശി മുബാറക്ക് (36), മലപ്പുറം കൊളത്തൂർ സ്വദേശി യൂസഫ് (36) എന്നിവരുടെ ലഗേജിലുണ്ടായിരുന്ന വാഹന എയർഹോണുകൾക്കകത്ത് സ്വർണ്ണക്കട്ടികളായും പഴ്സിൽ ബിസ്കറ്റ് രൂപത്തിലും ഒളിപ്പിച്ചനിലയിലാണ് അരക്കിലോ സ്വർണ്ണം കണ്ടെടുത്തത്.
നാല് എയർഹോണിനകത്ത് നാല് സ്വർണ്ണക്കട്ടികളാണുണ്ടായിരുന്നത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം വിമാത്താവളത്തിനു പുറത്തിറങ്ങിയ മൂവരെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുബാറക്കും യൂസഫും കൊണ്ടുവന്ന സ്വർണ്ണം കൈപ്പറ്റാനായി വിമാനത്താവളത്തിലെത്തിയ വള്ളുവമ്പ്രം പുല്ലാര സ്വദേശികളായ കെപി ഫൈസൽ (30), നിഷാദ് (26) എന്നിവരും പിടിയിലായി. ഇവർ സഞ്ചരിച്ച രജിസ്ട്രേഷർ നമ്പറില്ലാത്ത വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ കടത്തുകാർക്ക് നൽകാനായി 40,500 രൂപ കരുതിയിരുന്നു. ഇതും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments