തിരുവനന്തപുരം: വിദ്യാർഥികളിൽ ഊർജ സംരക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബ് – കേരള എന്ന പേരിൽ ക്ലബ്ബുകൾ രൂപീകരിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കുട്ടികളിൽ ഊർജ-പരിസ്ഥിതി അവബോധം വളർത്തുന്നതിന് ഇത്തരം ക്ലബ്ബുകൾ സഹായകമാകുമെന്നു മന്ത്രി പറഞ്ഞു. ഊർജ സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടിണങ്ങുന്ന ഊർജ സാങ്കേതികവിദ്യകളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിച്ചുകൊണ്ട്, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഊർജ വിഭവങ്ങളെ വിവേകത്തോടെ ഉപയോഗിക്കുന്ന യുവതലമുറയെ വാർത്തെടുക്കാനാണ് ക്ലബ്ബുകളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കടകംപളളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എനർജി ക്ലബ്ബ് ലോഗോ, 2023-24 ലെ എനർജി ക്ലബ്ബ് പ്രവർത്തന പരിപാടികളുടെ സംഗ്രഹം എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു.
Read Also: വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാം: ഇതാ ഒരു സുവർണ്ണാവസരം
വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്രരംഗം പരിപാടിയുടെ കോ-ഓർഡിനേറ്റർമാരായ അധ്യാപകരാണ് എനർജി ക്ലബ്ബുകളുടെ കോ-ഓർഡിനേറ്റർമാരായും പ്രവർത്തിക്കുക. കേരളത്തിലെ 113 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നു അധ്യാപകർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഇ. എം. സി. ഡയറക്ടർ ഡോ. ആർ. ഹരികുമാർ, റജിസ്ട്രാർ സുബാഷ് ബാബു ബി.വി, എനർജി ടെക്നോളജിസ്റ്റ് അനൂപ് സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Post Your Comments