പറവൂർ: ഗോതുരുത്ത് കടൽവാതുരുത്തിൽകാർ പുഴയിൽ മറിഞ്ഞ് ഡോക്ടർമാർ മരിക്കാൻ കാരണം അശ്രദ്ധമായ ഡ്രൈവിങ് ആണെന്ന് മോട്ടോർ വാഹന വകുപ്പ്. ദേശീയപാതയിലൂടെ വന്ന കാർ ലേബർ കവലയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് കടൽവാതുരുത്തിൽ എത്തിയെന്ന് സംഘത്തിലുണ്ടായിരുന്ന രക്ഷപ്പെട്ട യുവതി പോലീസിനു നൽകിയ മൊഴി തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് ഇവർ കടൽവാതുരുത്തിൽ എത്തിയത്. ഹോളിക്രോസ് കവലയിൽനിന്ന് ഇടത്തോട്ട് പോകാതെ നേരെ കടൽവാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു.
യുവതിക്കും വാഹനം ഓടിച്ച ഡോ. അദ്വൈതിനും വഴി കൃത്യമായി അറിയില്ലായിരുന്നു. മേഖലയിലെ ദിശാബോർഡുകളും ഗൂഗിൾ മാപ്പും ശ്രദ്ധിക്കാതെ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിനു വഴിവച്ചത് എന്നും കണ്ടെത്തി. വാഹനത്തിന് തകരാറുകൾ ഉണ്ടായിരുന്നില്ല.
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയിൽ കടൽവാതുരുത്ത് കടവിലാണ് അപകടം. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എ.ആർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ മതിലകം പാമ്പിനേഴത്ത് ഒഫൂർ-ഹഫ്സ ദമ്പതികളുടെ മകൻ ഡോ. അജ്മൽ ആസിഫ് (28), കൊല്ലം മയ്യനാട് തട്ടാമല തുണ്ടിയിൽ ഡോ. അദ്വൈത് (28) എന്നിവരാണ് മരിച്ചത്.
Post Your Comments