കൊച്ചി: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ജീവപര്യന്തം തടവുകാരന് ഐവിഎഫ് ചികിത്സയ്ക്ക് കേരള ഹൈക്കോടതി അനുമതി നല്കി. നടപടിക്രമം വഴി ഒരു കുട്ടി ജനിക്കുന്നതിനുള്ള ചികിത്സാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ 7 വര്‍ഷമായി തടവില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ കോടതിയെ സമീപിച്ചിരുന്നു.
Read Also: നിത്യോപയോഗ സാധനങ്ങൾ ഓഫർ വിലയിൽ! സൂപ്പർ വാല്യൂ ഡേ സെയിലുമായി ആമസോൺ, ഇനി നാല് ദിവസം മാത്രം
ഒരു കുട്ടിയുണ്ടാകുകയെന്നത് ദമ്പതികളുടെ സ്വപ്നമായിരുന്നെന്നും വിവിധ വൈദ്യശാസ്ത്ര ശാഖകളില്‍ ചികിത്സയിലായിരുന്നെങ്കിലും ഇതുവരെ ഒന്നും ഫലവത്തായില്ലെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം. ഭര്‍ത്താവിന് ജയിലില്‍ നിന്ന് സാധാരണ അവധി ലഭിച്ചതോടെയാണ് തങ്ങള്‍ അലോപ്പതിയില്‍ ചികിത്സ ആരംഭിച്ചതെന്ന് ഹര്‍ജിക്കാരി പറഞ്ഞു. 3 മാസത്തേക്ക് തന്റെ ഭര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്ന് കാണിച്ച് ദമ്പതികള്‍ ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്നുള്ള ഒരു കത്തും അവര്‍ ഹാജരാക്കി.
2010ലെ കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്മെന്റ്) നിയമത്തിലെ സെക്ഷന്‍ 73 പ്രകാരം തന്റെ ഭര്‍ത്താവിന് 3 മാസത്തേക്ക് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരി സംസ്ഥാന അധികാരികളെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ല.
ദമ്പതികളുടെ സന്താനോല്‍പ്പാദനത്തിനുള്ള അവകാശം അവരുടെ മൗലികാവകാശമാണെന്നും ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് IVF/ICSI നടപടിക്രമങ്ങള്‍ക്കായി അവധിയെടുക്കാന്‍ അര്‍ഹതയുണ്ടെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന് ബോധിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ വക്കീല്‍ ഈ ഹര്‍ജിയെ എതിര്‍ക്കുകയും തടവിലുള്ള ആള്‍ക്ക് ഇങ്ങിനെ അവധിക്ക് അര്‍ഹതയില്ലെന്ന് വാദിക്കുകയും ചെയ്തു.
കേവലം സാങ്കേതിക കാരണങ്ങളാല്‍ ഇത്തരം യഥാര്‍ത്ഥ അപേക്ഷകള്‍ക്ക് നേരെ കോടതിക്ക് കണ്ണടക്കാന്‍ കഴിയില്ലെന്ന്, ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. സമാനമായ സാഹചര്യങ്ങളില്‍15 ദിവസത്തെ പരോള്‍ അനുവദിച്ച രാജസ്ഥാന് ഹൈക്കോടതിയുടെ തീരുമാനങ്ങള്‍ കോടതി പരിഗണിച്ചു . അതിന്റെ അടിസ്ഥാനത്തില്‍ IVF/ICSI നടപടിക്രമങ്ങള്‍ തുടരുന്നതിന് ഹരജിക്കാരന്റെ ഭര്‍ത്താവിന് കുറഞ്ഞത് 15 ദിവസത്തെ ലീവ് അനുവദിക്കണമെന്ന് കോടതി പറഞ്ഞു.
ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് രണ്ടാഴ്ചയ്ക്കകം നിയമാനുസൃതമായി അവധി നല്കാന് ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്കി.
Post Your Comments