തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 2000 രൂപ കൈക്കൂലി പണവുമായിട്ടാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആറ്റിപ്ര കരിമണൽ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേർന്ന് വാങ്ങിയ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പ് പരാതിക്കാരൻ ആറ്റിപ്ര സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന്, പരിശോധനക്കെത്തിയ റവന്യൂ ഇൻസ്പെക്ടറായ അരുൺകുമാർ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടപടികൾ ത്വരിതഗതിയിലാക്കുന്നതിന് കൈക്കൂലിയുമായി ബുധനാഴ്ച ഓഫീസിൽ എത്തണമെന്ന് ആവശ്യപ്പെട്ടു.
Read Also : സാൻ്റാക്ലോസിൻ്റെ മുഖംമൂടി ധരിച്ച് തൂങ്ങിയ നിലയില് മൃതദേഹം: കണ്ണൂരിൽ 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
തുടർന്ന്, പരാതിക്കാരൻ വിവരം വിജിലൻസിൽ അറിയിച്ചു. തിരുവനന്തപുരം യൂണിറ്റ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ബുധനാഴ്ച വൈകുന്നേരം മുന്നരയോടെ ഓഫീസിൽവെച്ച് പരാതിക്കാരനിൽനിന്ന് 2,000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയിൽനിന്ന് കണക്കിൽപെടാത്ത 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പിയെ കൂടാതെ, ഇൻസ്പെക്ടർമാരായ അനിൽകുമാർ.എസ്.എൽ, സനിൽകുമാർ.റ്റി.എസ്, പൊലീസ് സബ് ഇൻസ്പെക്ടർമാരായ അജിത് കുമാർ.കെ.വി, അനിൽകുമാർ.ബി.എം, സഞ്ജയ്, പൊലീസ് ഉദ്യോഗസ്ഥരായ പ്രമോദ്, അരുൺ, ഹാഷിം, അനീഷ്, അനൂപ്, കിരൺശങ്കർ, ജാസിം, ആനന്ദ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Post Your Comments