Latest NewsNewsInternational

മഹ്‌സ അമിനിക്ക് ശേഷം അര്‍മിത ഗരവിന്ദ്; ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ് ഇറാനില്‍ 16 കാരിക്ക് ക്രൂരമർദ്ദനം,പെൺകുട്ടി കോമയിൽ

പാരീസ്: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ 16 കാരിക്ക് ക്രൂരമർദ്ദനം. മതപൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായ അർമിത ഗരവന്ദ് എന്ന പെൺകുട്ടി അബോധാവസ്ഥയിലാണ്. ടെഹ്റാൻ മെട്രോയിൽ സഞ്ചരിക്കുമ്പോഴാണ് പെൺകുട്ടി ക്രൂരമർദ്ദനത്തിനിരയായത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി കോമയിലാണെന്നാണ് റിപ്പോർട്ട്. ടെഹ്‌റാൻ മെട്രോയിൽ വനിതാ പോലീസുകാരുമായുള്ള ഏറ്റുമുട്ടലിലാണ് അർമിതയ്ക്ക് ക്രൂരമായി പരിക്കേറ്റത്.

എന്നാൽ അധികൃതർ സംഭവം നിഷേധിച്ചു. താഴ്ന്ന രക്തസമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് അധികൃതരുടെ വാദം. അതേസമയം വൻ സുരക്ഷയിലാണ് ഇറാൻ അധികൃതർ പെൺകുട്ടിക്ക് ചികിത്സ നൽകുന്നത്. ടെഹ്റാനിലെ ഫജ്ർ ആശുപത്രിയിൽ വൻ സുരക്ഷയിലിരിക്കുന്ന പെൺകുട്ടിയെ ബന്ധുക്കളെ പോലും കാണാൻ അനുവദിച്ചില്ല. പെൺകുട്ടിയെ ട്രെയിനിൽ നിന്ന് എടുത്ത് പുറത്തിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പെൺകുട്ടി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രവും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതോടെ പ്രതിഷേധം ശക്തമാകുകയാണ്. അതിക്രമത്തിനെതിരെ കുർദ് വംശജരുടെ സംഘടനയായ ഹെൻഗാവ് രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച ടെഹ്‌റാനിലെ ഷൊഹാദ മെട്രോ സ്‌റ്റേഷനിൽ വെച്ച് സദാചാര പോലീസ് എന്ന് വിളിക്കപ്പെടുന്ന ഏജന്റുമാരുടെ പിടിയിലാവുകയും ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് ഗുരുതരമായ പരിക്കുകളോടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അവളുടെ മാതാപിതാക്കൾ ആശുപത്രിയിൽ വെച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയയ്ക്ക് ഒരു അഭിമുഖം നൽകി. ഉയർന്ന റാങ്കിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പെൺകുട്ടിയെ കാണാൻ ആർക്കും അനുമതിയില്ല. മാതാപിതാക്കളെ പോലും ഇതിന് അനുമതി നൽകിയിട്ടില്ല. മഹ്‌സ അമിനിയുടെ ദാരുണമായ കൊലപാതകത്തിന് ഒരു വർഷത്തിന് ശേഷമാണ് ഈ സംഭവം. നിർബന്ധിത ഹിജാബ് ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കർശനമായ വസ്ത്രധാരണ നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഇറാനിയൻ അധികാരികൾ പുതിയ നീക്കം ആരംഭിച്ചതിന്റെ ലക്ഷണമാണ് പുതിയ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button