ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും.ഡ്യൂട്ടിയില്‍ കയറുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ തെറ്റായി പോസിറ്റീവ് ഫലം വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം. പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം വിലക്കിക്കൊണ്ടുള്ള കരട് നിര്‍ദേശം സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ബ്രെത്ത്അനലൈസര്‍ പരിശോധനയില്‍ പോസിറ്റീവ് ഫലം നല്‍കാന്‍ സാധ്യതയുള്ള മറ്റ് ഉത്പന്നങ്ങളും വിമാന ജീവനക്കാര്‍ ആരും ഉപയോഗിക്കാന്‍ പാടില്ലെന്നും ഇത്തരത്തിലുള്ള മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ വിമാനത്തിലെ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് കമ്പനിയുടെ ഡോക്ടറെ സമീപിക്കണന്നും ആണ് പുതിയ കരട് നിര്‍ദേശത്തിലുള്ളത്.
അതേസമയം ഇതൊരു കരട് നിര്‍ദേശം മാത്രമാണെന്നും ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കായി പൊതുസമൂഹത്തിന് മുന്നില്‍ വെച്ചിരിക്കുകയാണെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് മേധാവി അഭിപ്രായപ്പെട്ടു.
Post Your Comments