Latest NewsKerala

‘തട്ടമിടൽ പരാമർശം’ -മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച കെ അനിൽകുമാർ മാപ്പ് പറയണമെന്ന് മുസ്ലിം ജമാഅത്ത്

മലപ്പുറം: സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ തട്ടമിടൽ പരാമർശം വിവാദമാകുന്നു. സംഭവത്തിൽ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന് ആയിരുന്നു നേതാവിന്റെ പരാമർശം. തിരുവനന്തപുരത്തെ യുക്തിവാദി സംഘടന സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിൽ ആണ് അനിൽകുമാറിന്റെ പ്രസ്താവന. വ്യക്തിപരമായ പരാമർശം മാത്രം എന്ന് കെടി ജലീൽ പ്രതികരിച്ചപ്പോൾ വലിയ എതിർപ്പാണ് മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ലിട്മസ് നസ്തിക സമ്മേളനത്തിൽ ആയിരുന്നു അനിൽകുമാറിന്റെ പരാമർശം. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി നേതാവിന്റെ ഈ പ്രസ്താവനയോട് വലിയ രീതിയിലുള്ള എതിർപ്പാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. വിവാദങ്ങൾക്കിടെ ഡോക്ടർ കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രധാന ചർച്ചയായി. തട്ടമിടാത്തത് പുരോഗമനത്തിന്റെ ലക്ഷണം അല്ലെന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് വനിത കൗൺസിലറുടെ ചിത്രം സഹിതം ആണ് ജലീലിന്റെ കുറിപ്പ്. വീണ ജോർജിനെതിരെ കെഎം ഷാജി നടത്തിയ പരാമർശത്തെ പോലെ അനിൽകുമാറിന്റെ വാക്കുകളെ തള്ളണമെന്നും ജലീൽ പറയുന്നു.

വർഗീയവും തികഞ്ഞ മുസ്ലിം വിരുദ്ധവും എന്നായിരുന്നു കെഎൻഎം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹുസൈൻ മടവൂരിന്റെ പ്രതികരണം. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുളള സിപിഎം നീക്കത്തിന്റെ ഇരട്ടത്താപ്പ് പുറത്തായി എന്നായിരുന്നു സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത്. വഖഫിലും ലിംഗ സമത്വ വിഷയത്തിലും എതിർപ്പിനെ മറന്ന് മുസ്ലിം സംഘടനകൾക്കൊപ്പം നിന്ന സിപിഎമ്മിന് അനിൽകുമാറിന്റെ വാക്കുകൾ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button