തെന്നിന്ത്യ അടക്കി ഭരിച്ചിരുന്ന അതിസുന്ദരിയായ നായികയായിരുന്നു ശ്രീദേവി. താരം ചെയ്തതത്രയും മികച്ച ചിത്രങ്ങൾ ആയിരുന്നു. 2018ലാണ് നടി ശ്രീദേവി ആകസ്മികമായി മരണപ്പെടുന്നത്. ആരാധകരെല്ലാം ഞെട്ടലോടെയാണ് ശ്രീദേവിയുടെ മരണ വാർത്ത കേട്ടത്. ഇപ്പോഴിതാ താരത്തിന്റെ മരണ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഭർത്താവ് ബോണി കപൂർ.ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തിയത്.
ശരീരത്തിന്റെ ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ ഏറെ തൽപരയായിരുന്നു ശ്രീദേവി. അതുകൊണ്ടുതന്നെ സ്‌ക്രീനിൽ അതിസുന്ദരിയായി കാണപ്പെടുന്ന ശ്രീദേവി യഥാർഥത്തിൽ അനാരോഗ്യം മൂലം വിഷമിക്കുകയായിരുന്നുവെന്ന് ബോണി കപൂർ പറയുന്നു. ബിപി ലോ ആയിരുന്നു ശ്രീദേവിക്ക്. ഇതിനിടെ, ഉപ്പ് ഉപയോഗിക്കാതെ കർശനമായ ഭക്ഷണക്രമം നടി പാലിച്ചിരുന്നുവെന്നും ഇതുമൂലം പലപ്പോഴും ബോധം നഷ്ടപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശ്രീദേവി മരിച്ച ദിവസം ഒപ്പമുണ്ടായിരുന്ന ബോണി കപൂര്‍, അവരുടെ മരണകാരണത്തെപ്പറ്റി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ‘അതൊരു സ്വാഭാവിക മരണമായിരുന്നില്ല, അപകട മരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിന്റെ കാരണമന്വേഷിച്ച് പൊലീസ് എന്നെ 48 മണിക്കൂർ വരെ ചോദ്യം ചെയ്തിരുന്നു. നുണപരിശോധനയും നടത്തി. അതോടെ ഇക്കാര്യത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു.
വാസ്തവത്തിൽ, മാധ്യമങ്ങളിൽനിന്ന് വളരെയധികം സമ്മർദ്ദം ഉള്ളതിനാലാണ് എന്നെ ചോദ്യം ചെയ്യേണ്ടി വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ എന്നോടു പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാൻ കടന്നുപോയി. ഒടുവിൽ റിപ്പോർട്ട് വന്നപ്പോൾ, ഇത് ആകസ്മികമായി സംഭവിച്ച മരണമാണെന്ന് വ്യക്തമായി എഴുതിയിരുന്നു.’’– ബോണി കപൂർ പറഞ്ഞു.
2018 ലാണ് ശ്രീദേവിയെ ദുബായിലെ ഒരു ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തില്‍ സംഭവിച്ച മുങ്ങിമരണം എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചിലർ ആരോപിച്ചിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഒരു കാര്യവും ബോണി കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നില്ല. ബോണിയുടെ മൗനവും മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചിരുന്നു. ഇപ്പോൾ ശ്രീദേവിയുടെ മരണ കാരണത്തെപ്പറ്റി ബോണി പറഞ്ഞത് ചർച്ചയാവുകയാണ്.
Post Your Comments