ന്യൂഡല്‍ഹി: ആഗസ്റ്റ് മാസത്തിലെ ഇടിവിന് ശേഷം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വീണ്ടും വര്‍ധനവ്. ഇതോടൊപ്പം ഇറാഖില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിച്ചു. എന്നാല്‍ സൗദി അറേബ്യന്‍ ക്രൂഡ് ഓയിലിന്റെ ഇന്ത്യന്‍ സംഭാവനയില്‍ ഇടിവ് രേഖപ്പെടുത്തിയ മാസം കൂടിയാണ് കടന്നു പോവുന്നത്. സൗദിയേക്കാള്‍ ലാഭകരം റഷ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നായതിനാലാണ് ഈ വര്‍ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.55 ദശലക്ഷം ബാരലായി (മില്യണ്‍ ബിപിഡി) കുറഞ്ഞിരുന്നു.
എന്നാല്‍ സെപ്റ്റംബറില്‍ ഇത് തുടര്‍ച്ചയായി 18.3 ശതമാനം ഉയര്‍ന്ന് 1.83 ദശലക്ഷം ബിപിഡിയിലെത്തി.
സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണക്കാരില്‍ മൂന്നാമത്തെ വലിയ രാജ്യമാണ്. റഷ്യയാണ് ഒന്നാമത്. രണ്ടാമത് ഇറാഖും. പരമ്പരാഗതമായി ഇറാഖിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ സ്രോതസ്സായിരുന്നു റിയാദ്. എന്നാല്‍ ഉക്രെയ്‌നിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, വിലയില്‍ ആഴത്തിലുള്ള കിഴിവ് വാഗ്ദാനം ചെയ്തുകൊണ്ട് റഷ്യ ഇറാഖിനെയും സൗദി അറേബ്യയെയും മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറി.
Post Your Comments