തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംഘടിത കുറ്റകൃത്യമാണെന്നും കേസിലെ ഉന്നതബന്ധങ്ങള്‍ വ്യക്തമായെന്നും ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാടിൽ സംസ്ഥാനത്തെ രാഷ്ട്രീയക്കാരെ കൂടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കാളികളാണ്. ഇ.ഡി ഇക്കാര്യം തങ്ങളുടെ റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നുമുണ്ട്. ഒന്നാം പ്രതി സതീഷ്‌കുമാറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് മുന്‍ എസ് പി കെ എം ആന്റണി ഇ.ഡിക്ക് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് കോടി താന്‍ സതീഷ്‌കുമാറിന് നല്‍കിയെന്നും പലിശ 18 ലക്ഷം കിട്ടിയെന്നുമാണ് ആന്റണി മൊഴി നല്‍കിയിരിക്കുന്നത്. പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെയുള്ള അധികാരശ്രേണിയിൽപ്പെടുന്ന വ്യക്തികൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സതീഷ്‌കുമാറും അറസ്റ്റിലായ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനും നേതൃത്വം നല്‍കിയ കള്ളപ്പണയിടപാടില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍കൂടി കണ്ണികളാണെന്നാണ് ഇ.ഡിക്ക് തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി മുന്‍ എസ് പി കെ എം ആന്റണിയെയും ഇരങ്ങാലുക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗീസിനെയും ഇപ്പോള്‍ ഇന്നലെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ഇ.ഡിക്ക് ലഭ്യമായി.
മൂന്ന് കോടി രൂപ താന്‍ സതീഷിന് പലിശയായി നല്‍കിയിട്ടുണ്ടെന്ന് മുന്‍ എസ് പി കെ എം ആന്റണി ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് കൊള്ളപ്പലിശയായി 18 ലക്ഷം രൂപ ഈടാക്കി. ഈ ഇടപാടിന്റെ വിശദവിവരങ്ങള്‍ എല്ലാം ഇ.ഡി ശേഖരിച്ചിട്ടുണ്ട്. സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനുമായും ആന്റണിക്ക് അടുത്ത ബന്ധമുണ്ട്.
അതേസമയം, അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ പേരിലുള്ള അക്കൗണ്ടില്‍ 63 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. എന്നാല്‍, അരവിന്ദാക്ഷന്റെ അമ്മയ്ക്ക് ആകെ 1600 രൂപയുടെ കാര്‍ഷിക പെന്‍ഷന്‍ മാത്രമാണുള്ളത്. അക്കൗണ്ടിന്റെ നോമിനിയായി വെച്ചത് കേസിലെ ഒന്നാം പ്രതിയായ സതീഷ്‌കുമാറിന്റെ സഹോദരനെയാണെന്നും ഇഡി കണ്ടെത്തി.
Post Your Comments