മസ്തുങ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിൽ വെള്ളിയാഴ്ച ഉണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 2018-ൽ ഇതേ ജില്ലയിൽ ചാവേർ സ്ഫോടനത്തിൽ 149 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഈദ് മിലാദുൻ നബിയോട് അനുബന്ധിച്ച് ആളുകൾ ഒത്തുകൂടുന്നതിനിടെയാണ് മസ്തുങ് ജില്ലയിലെ മദീന മസ്ജിദിന് സമീപം സ്ഫോടനം ഉണ്ടായത്. മസ്തുങ്ങിന്റെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) നവാസ് ഗാഷ്കോയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നബി ദിനമായതിനാൽ മസ്തുങ്ങിലെ മസ്ജിദിന് സമീപം നിരവധി ആളുകൾ ഉണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ കാരണവും ഇതുതന്നെയാണ്.
അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിൽ, പാകിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ഇവിടെ തെഹ്രിക്-ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി), ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണം പതിവാണ്. പാകിസ്ഥാന് ത്നങ്ങളുടെ അധികാരമോ സൈനിക ശക്തിയോ ഇവിടെ കാണിക്കാൻ സാധിക്കാറില്ല. തീവ്രവാദ ഗ്രൂപ്പുകൾ കൈയ്യടക്കിയിരിക്കുന്ന ബലൂചിസ്ഥാനിൽ ഭീകരാക്രമണം പതിവാണ്.
Post Your Comments