കൊല്ലം: വീടിന് തീവച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. കുറ്റിക്കാട് സ്വദേശി അശോകൻ(54) ആണ് മരിച്ചത്.
കടയ്ക്കലിൽ ഇന്ന് രാവിലെയാണ് അശോകനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. വീടിന്റെ രണ്ട് മുറികൾക്ക് തീവയ്പ്പിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്.
കുടുംബപ്രശ്നങ്ങളാണ് അശോകൻ ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. പുനലൂർ സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ അശോകന്റെ മകൾ, ഭർത്താവ് ഒരു കേസിൽപ്പെട്ട് ജയിലിൽ പോയതിനാൽ ഈയിടെ കുടുംബവീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിൽ അശോകൻ ഏറെ സന്തോഷവാനായിരുന്നെങ്കിലും ജയിലിൽ നിന്നിറങ്ങിയ ഭർത്താവിനൊപ്പം മകൾ മടങ്ങിയത് ഇയാളെ നിരാശനാക്കി. തന്റെ ഭാര്യയും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ച് വീടിന് തീവയ്ക്കുമെന്ന് അശോകൻ ഭീഷണി മുഴക്കിയിരുന്നു.
തുടർന്ന്, ഇന്ന് രാവിലെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന വേളയിലാണ് അശോകൻ ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments