തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസ് പ്രതികളായ വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷനെയും ബാങ്ക് അക്കൗണ്ടന്റ് ജില്‍സനേയും കോടതി റിമാന്‍ഡ് ചെയ്തു. അരവിന്ദാക്ഷനെ ഇഡി വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അടുത്ത ആഴ്ച കസ്റ്റഡിയില്‍ വാങ്ങാനാണ് ഇഡി നീക്കം.
അതേസമയം, അരവിന്ദാക്ഷന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചു. അക്കൗണ്ടിന്റെ അനന്തരാവകാശിയായി വച്ചത് ഒന്നാം പ്രതി സതീഷിന്റെ സഹോദരനെയാണെന്നും കണ്ടെത്തി. പി.ആര്‍ അരവിന്ദാക്ഷന്റെ വിദേശയാത്ര അന്വേഷിക്കാനും ഇഡി നീക്കം തുടങ്ങി.
അരവിന്ദാക്ഷന്‍ പലതവണ വിദേശയാത്രകള്‍ നടത്തി. ദുബായ് അടക്കം പല സ്ഥലങ്ങളില്‍ സ്ഥലക്കച്ചവടങ്ങള്‍ നടത്തിയതായാണ് ഇഡി കണ്ടെത്തല്‍. 2013 -14 കാലയളവില്‍ അരവിന്ദാക്ഷനും ഒന്നാംപ്രതി സതീഷ് കുമാറും വസ്തു വില്‍പ്പനയ്ക്കായി ദുബായ് യാത്ര നടത്തി. ദുബായ് യാത്രയുടെ വിശദാംശങ്ങള്‍ ചോദ്യം ചെയ്യലില്‍ അരവിന്ദാക്ഷന്‍ വെളിപ്പെടുത്തിയിട്ടില്ല.
അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത്ത് മേനോന് വിറ്റു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഇ ഡി പറയുന്നു.
Post Your Comments