
ഉജ്ജയിനി: ഉജ്ജയിനിയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ഇയാളുടെ വാഹനത്തിന്റെ പിൻസീറ്റിൽ രക്തക്കറ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടി ഭാഗികമായി വസ്ത്രം ധരിച്ച് രക്തം വാർന്ന നിലയിൽ കിലോമീറ്ററുകളോളം നടന്ന സംഭവം ഏറെ വിവാദമായിരുന്നു.
സെപ്തംബർ 25നാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്നും പെൺകുട്ടിയ്ക്ക് വൈദ്യസഹായം ഉടൻ ലഭ്യമാക്കിയെന്നും ഉജ്ജയിൻ എസ്പി സച്ചിൻ ശർമ പറഞ്ഞു. എസ്ഐടി രൂപീകരിച്ച് സാഹചര്യത്തെളിവുകളെല്ലാം ശേഖരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവം നടക്കുമ്പോൾ താൻ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്നെന്ന് ഓട്ടോറിക്ഷാ ഡ്രൈവർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവറെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഒരു ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയുമായി സമ്പർക്കം പുലർത്തിയിരുന്ന അഞ്ചുപേരെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Post Your Comments