ഡൽഹി: സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഡിഎംകെ പാർട്ടിയ്ക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ വാദം കേൾക്കാൻ ഒരുങ്ങി സുപ്രീംകോടതി. തമിഴ്‌നാടിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കാൻ സമ്മതിച്ചത്.
ഉദയനിധിക്കെതിരായ ഹർജിയിന്മേൽ നോട്ടീസ് നൽകിയില്ലെങ്കിലും ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ വിനീത് ജിൻഡാൽ സമർപ്പിച്ച ഹർജി കോടതി പരാമർശിച്ചു. വിഷയത്തിൽ പരിഗണിക്കാനിരിക്കുന്ന മറ്റ് ഹർജികൾക്കൊപ്പം ഇതും പരിഗണിക്കും. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ ക്രിമിനൽ നടപടികൾ സ്വീകരിക്കാനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശം തമിഴ്‌നാട് പോലീസ് പാലിക്കാത്തത് എന്തുകൊണ്ടാണെന്നും ഡൽഹി, ചെന്നൈ പോലീസുകൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ജിൻഡാൽ ഹർജിയിൽ പറഞ്ഞു.
എന്നാൽ, കേസിൽ ഹ്രസ്വ വാദം കേൾക്കവെ തമിഴ്‌നാട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അമിത് ആനന്ദ് തിവാരി റിട്ട് ഹർജി പരിഗണിക്കുന്നതിൽ എതിർപ്പ് ഉന്നയിച്ചു. പബ്ലിസിറ്റിക്കായി ഇത്തരം പൊതുതാൽപര്യ ഹർജികൾ ധാരാളമായി വരുന്നുണ്ടെന്നും, ഇതേ വിഷയത്തിൽ രാജ്യത്തുടനീളം വിവിധ ഹൈക്കോടതികളിലായി 40 റിട്ട് ഹർജികളുണ്ടെന്നും അമിത് ആനന്ദ് തിവാരി കോടതിയെ അറിയിച്ചു. കേസിൽ നോട്ടീസ് അയക്കുന്നില്ലെന്നും മറ്റ് കേസുകൾക്കൊപ്പം ഇതും ചേർത്ത് വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
Post Your Comments