പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് സ്ഥലമുടമ. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചതെന്ന് സ്ഥലമുടമ മൊഴി നൽകി. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും ഇയാൾ സമ്മതിച്ചു. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
യുവാക്കൾ പാടത്തേക്ക് ഓടിയത് തിങ്കളാഴ്ച പുലർച്ചെ 4.50 നാണ്. 4 പേർ രണ്ടു വഴിക്കായി ഓടുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പിന്നീട് ഇവരെ കാണാനായില്ല.
അതേസമയം, മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുക്കും. ആർഡിഒയുടെ സാന്നിധ്യത്തിൽ ആണ് മൃതദേഹങ്ങൾ പുറത്തെടുക്കുക. തുടർന്ന് ഇൻക്വസ്‌റ്റ് നടപടി പൂർത്തിയാക്കിയശേഷം പോസ്‌റ്റ്‌മോർട്ടം നടത്തും. വിരലടയാള വിദഗ്‌ധരും ഡ്വാഗ് സ്‌ക്വാഡും രാവിലെ എത്തും.
അമ്പലപ്പറമ്പിനു സമീപം ഇവരെ കണ്ടതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. തുടർന്നാണ് ഈ പ്രദേശത്ത് അന്വേഷണം നടത്തിയത്. ഇതിനിടെ പാടത്തിന് സമീപം മണ്ണിളകിക്കിടക്കുന്നതുകണ്ട് പരിശോധിച്ച നാട്ടുകാരാണ് മൃതദേഹം കണ്ടതും വിവരം പൊലീസിൽ അറിയിച്ചതും. വൈകീട്ട് തന്നെ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവസ്ഥലം കെട്ടിയടച്ചു.
ഞായറാഴ്ച വൈകീട്ട് കുരുടിക്കാട് എന്ന പ്രദേശത്ത് നടന്ന അടിപിടിയുമായി ബന്ധപ്പെട്ടാണ് നാലുപേരെ അന്വേഷിച്ച് പോലീസ് എത്തിയത്. സതീഷിന്റെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നവരെ തേടിയാണ് മൊബൈല്‍ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പോലീസ് എത്തിയത്. പൊലീസിനെ കണ്ടതോടെ ഇവർ ഭയന്നോടുകയും ചെയ്യുകയായിരുന്നു.
മൃതദേഹങ്ങൾ കുഴിച്ചിട്ടതിന് സമീപം രക്തം തളംകെട്ടി കിടപ്പുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മൃതദേഹം കാണാതായ യുവാക്കളുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
Post Your Comments