KeralaLatest News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം സിപിഎം ഉന്നതരിലേക്ക്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പല രാഷ്ട്രീയ പ്രമുഖർക്കും പങ്കുണ്ടെന്ന് ഇ ഡി. പ്രതികളുമായി ബന്ധമുള്ള സിപിഎം ഉന്നതരിലേക്കായിരിക്കും അന്വേഷണം. പി ആർ അരവിന്ദാക്ഷനെയും ജിൽസിനേയും ഇന്ന് ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരിൽ ചിലർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇവരിൽ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കുമെന്നുമാണ് റിമാൻ‍ഡ് റിപ്പോ‍ർട്ടിലുളളത്. അറസ്റ്റിലായ പി ആർ അരവിന്ദാക്ഷനായും മുൻ ബാങ്ക ജീവനക്കാരൻ ജിൽസിനേയും കസ്റ്റ‍ഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ, കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും.

അതേസമയം, സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റ്‌ ചെയ്‌ത ഇഡി നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ രം​ഗത്തെത്തി. കോര്‍പ്പറേറ്റുകള്‍ക്ക്‌ അനുകൂലമായ സാമ്പത്തിക നയങ്ങളാണ്‌ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്‌. അതിന്‌ ബദലുയര്‍ത്തുന്നവിധം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുകയെന്നത്‌ കേന്ദ്ര സര്‍ക്കാരിന്റെ നയമാണ്‌. അതിന്റെ ഭാഗമായാണ്‌ സഹകരണ പ്രസ്ഥാനത്തേയും, അതിനെ വളര്‍ത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലെന്നും സിപിഎം പ്രസ്താവനയിൽ ആരോപിച്ചു.

ഇപ്പോള്‍ അറസ്റ്റ്‌ ചെയ്‌തിട്ടുള്ള അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയും, മര്‍ദ്ദിച്ചും കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇ.ഡിയുടെ ഭാഗത്ത്‌ നിന്നുണ്ടായി. അത്‌ തുറന്നുകാട്ടിയ അരവിന്ദാക്ഷനെയാണ്‌ ഇപ്പോള്‍ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ അവരുടെ പരാതി പൊലീസിന്റെ മുമ്പില്‍ നില്‍ക്കുകയാണ്‌. ഈ ഘട്ടത്തിലാണ്‌ അറസ്റ്റുണ്ടായത്‌ എന്നത്‌ ഇതിന്റെ പിന്നിലുള്ള താല്‍പര്യം വ്യക്തമാക്കുന്നതാണ്‌. സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ്‌ പാര്‍ട്ടിയും, സംസ്ഥാന സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ എന്നും സിപിഎം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button