തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കലം മുഴുവൻ കറുത്ത വറ്റാണ് കാണാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സഹകരണപ്രസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഈ നിലയിലാക്കിയത്. നോട്ടുനിരോധനകാലത്ത് രാജ്ഭവനിലേക്ക് താങ്കൾ നടത്തിയ മാർച്ചുണ്ടല്ലോ അത് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കെ വൈ സി വേണമെന്ന് കേന്ദ്രം പറഞ്ഞപ്പോൾ താങ്കൾ അതിനെ എതിർത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ പൊതു സോഫ്റ്റ് വെയർ വേണമെന്നതിനേയും താങ്കൾ എതിർക്കുന്നു. കള്ളപ്പണക്കാർക്ക് വേണ്ടിയാണ് താങ്കൾ എപ്പോഴും പോരാടുന്നത്. അരവിന്ദാക്ഷനോടൊപ്പമല്ല എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ടവരോടൊപ്പം നിൽക്കുമെന്നായിരുന്നു താങ്കളും പാർട്ടിയും പറയേണ്ടിയിരുന്നത്. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചത് അദാനിയും അംബാനിയും കോർപ്പറേറ്റ് ഭീമന്മാരുമല്ല പാവപ്പെട്ട കർഷകരും പെൻഷൻകാരും പിന്നെ നിത്യക്കൂലിക്കാരുമായിരുന്നെന്ന് താങ്കൾ ഓർക്കണമായിരുന്നു. ഇന്നിപ്പോൾ കേരളമാകെ സഹകരണബാങ്കുകളിലെ നിക്ഷേപകർ പണം പിൻവലിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിന് ഇഡിയോ ബിജെപിയോ കാരണക്കാരല്ല. ഇതിനെല്ലാം കാരണഭൂതൻ താങ്കൾ തന്നെയെന്ന് കാലം വിധിയെഴുതുകയാണ് കേരളത്തിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments