ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാൻ ഒരുങ്ങി മലേഷ്യ എയർലൈൻസ്. ഇത്തവണ തിരുവനന്തപുരം, അമൃതസർ, അഹമ്മദാബാദ് നഗരങ്ങളിലേക്കാണ് പുതുതായി സർവീസുകൾ ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ക്വാലാലംപൂരിലേക്കാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ഈ റൂട്ടിൽ നവംബർ 9 മുതൽ സർവീസ് ആരംഭിക്കുന്നതാണ്. ബോയിംഗ് 737-800 എൻജി വിമാനങ്ങൾ ഉപയോഗിച്ചാണ് സർവീസ് നടത്തുക. നിലവിൽ, കൊച്ചി, ന്യൂഡൽഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിലേക്ക് മലേഷ്യ എയർലൈൻസ് നേരിട്ട് സർവീസ് നടത്തുന്നുണ്ട്.
ഒരേസമയം 160 യാത്രക്കാരെ കൊണ്ടുപോകാൻ ശേഷിയുള്ളവയാണ് ബോയിംഗ് 737-800 എൻജി വിമാനങ്ങൾ. 16 ബിസിനസ് ക്ലാസുകളും, 144 ഇക്കണോമി ക്ലാസുകളുമാണ് വിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്വാലാലംപൂർ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേരിട്ടുള്ള സർവീസിൽ എക്കണോമി ക്ലാസ് നിരക്ക് 8,755 രൂപയും, ബിസിനസ് ക്ലാസ് നിരക്ക് 21,720.48 രൂപയുമാണ്. അതേസമയം, തിരുവനന്തപുരത്ത് നിന്നും ക്വാലാലംപൂരിലേക്കാണ് സർവീസ് നടത്തുന്നതെങ്കിൽ, ഇക്കണോമി ക്ലാസിന് 8,994 രൂപയും, ബിസിനസ് ക്ലാസിന് 26,509 രൂപയുമാണ് നിരക്ക്. ക്വാലാലംപൂരിൽ നിന്നും രാത്രി 9.30-ന് പുറപ്പെടുന്ന ഫ്ലൈറ്റ് നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ്.
Also Read: നഗരസഭയിലെ മുൻ താൽക്കാലിക ഡ്രൈവർ എം.ഡി.എം.എയുമായി പിടിയിൽ
Post Your Comments